രാജ്കോട്ടിലെ മൂന്നാം ടി20യിൽ വരുൺ ചക്രവർത്തി ഒരുക്കിയ സ്പിൻ വ്യൂഹത്തിൽപെട്ട് തകർന്ന് ഇംഗ്ലണ്ട്. ആദ്യ ഇന്നിംഗ്സിൽ 9 വിക്കറ്റ് നഷ്ടത്തിൽ 171 റൺസാണ് നേടാനായത്. ഒറ്റയാൾ പോരാട്ടം നടത്തിയ ലിയാം ലിവിംഗ്സ്റ്റണാണ് ഇംഗ്ലണ്ടിന് മാന്യമായ സ്കോർ സമ്മാനിച്ചത്. അർധ സെഞ്ച്വറി നേടിയ ഡക്കറ്റിന്റെ ഇന്നിംഗ്സും നിർണായകമായി. മൂന്നാം മത്സരത്തിലും ടോസ് നേടിയ സൂര്യകുമാർ യാദവ് ഇംഗ്ലണ്ടിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു.
അർഷ്ദീപിനെ പുറത്തിരിത്തി ഷമിക്ക് അവസരം നൽകിയാണ് ഇന്ത്യ ഇറങ്ങിയത്. രണ്ടാം ഓവറിൽ ഫിൽ സാൾട്ടിനെ(5) വീഴ്‌ത്തി ഹാർദിക് ഇന്ത്യക്ക് മികച്ച തുടക്കം സമ്മാനിച്ചു. എന്നാൽ ജോസ് ബട്ലറെ കൂട്ടുപിടിച്ച് ബെൻ ഡക്കറ്റ് (51) തകർത്തടിച്ചതോടെ ഇംഗ്ലണ്ട് സ്കോർ കുതിച്ചു. ഇതിനിടെയാണ് വരുൺ ചക്രവർത്തിയുടെ വരവ്. ബട്ലറുടെ(24) ഒരു സ്വിച്ച് ഹിറ്റ് ശ്രമം അവസാനിച്ചത് സഞ്ജുവിന്റെ കൈയിൽ.
അസാധ്യമായ മെയ്വഴക്കത്തോടെയാണ് സാംസൺ ക്യാച്ച് കൈ പിടിയിലൊതുക്കിയത്. ഹാരി ബ്രൂക്ക് (8) നിലയുറപ്പിക്കാതെ മടങ്ങി. ജെയ്മി സ്മിത്തിനെയും (6), ഓവർടണിനെയും(0) ഓരോവറിൽ മടക്കി വരുൺ വീണ്ടും ഇംഗ്ലണ്ടിനെ പ്രതിസന്ധിയിലാക്കി. സ്പെല്ലിലെ അവസാന ഓവറിൽ കഴ്സി(3)നെയും ജോഫ്ര ആർച്ചറെയും (0) വീഴ്‌ത്തി അഞ്ചു വിക്കറ്റും തികച്ചു.
ഇതിനിടെ 24 പന്തിൽ 43 റൺസടിച്ച ഇന്ത്യയെ ഭയപ്പെടുത്തിയ ലിവിംഗ്സ്റ്റണെ പാണ്ഡ്യ ജുറേലിന്റെ കൈയിലെത്തിച്ചു. അഞ്ചു പടുകൂറ്റൻ സിക്സറുകൾ പറത്തിയ ശേഷമായിരുന്നു ലിവിംഗ്സ്റ്റണിന്റെ മടക്കം. തല്ലുവാങ്ങിയതാകട്ടെ ബിഷ്ണോയിയും. ഹാർദിക് രണ്ടു വിക്കറ്റ് വീഴ്‌ത്തിയപ്പോൾ അകസറിനും ബിഷ്ണോയിക്കും ഓരോ വിക്കറ്റ് ലഭിച്ചു. മടങ്ങിയെത്തിയ ഷമിക്ക് വിക്കറ്റൊന്നും കിട്ടിയുമില്ല. മൂന്നോവറിൽ വഴങ്ങിയത് 25 റൺസ്.















