തിരുവനന്തപുരം: ബാലരാമപുരം കോട്ടുകാൽകോണത്ത് രണ്ടുവയസുകാരിയെ കിണറ്റിലെറിഞ്ഞു കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി ഹരികുമാറിന് കുഞ്ഞിന്റെ അമ്മ ശ്രീതുവിനോട് വ്യക്തി വൈരാഗ്യമുണ്ടായിരുന്നുവെന്ന് പൊലീസ്. മുൻപും രണ്ടുവയസുകാരി കരയുന്നതിൽ പ്രതി പരാതി പറഞ്ഞിരുന്നു. എട്ടു വയസുള്ള മൂത്തകുട്ടി പൂർണേന്ദുവിനെയും ഹരികുമാർ പലതവണ ഉപദ്രവിച്ചിട്ടുണ്ടെന്നാണ് വിവരം. സംഭവത്തിൽ അമ്മ ശ്രീതുവിന്റെ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കാനാണ് പൊലീസിന്റെ തീരുമാനം.
ഒരു വീട്ടിൽ തൊട്ടടുത്ത മുറികളിൽ കഴിഞ്ഞിരുന്നെങ്കിൽ പോലും ശ്രീതുവും ഹരികുമാറും വാട്ട്സ് ആപ്പ് സന്ദേശങ്ങളും വീഡിയോ കോളും ചെയ്തിരുന്നു. കൊലപാതകത്തിന്റെ തലേ ദിവസമുള്ള മെസേജുകൾ ഇരുവരും ഡിലീറ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ പെരുമാറ്റത്തിൽ നിഗൂഢതകളുണ്ടെന്നും പൊലീസ് പറയുന്നു. കൂടുതൽ വിവരങ്ങൾക്കായി അമ്മയുടേയും പ്രതി ഹരികുമാറിൻ്റേയും ഫോൺ ശാസ്ത്രീയ പരിശോധനക്കയക്കും. രണ്ട് പേരും തമ്മിലുള്ള ചാറ്റുകൾ വീണ്ടെടുക്കുന്നതിനാണ് പരിശോധന. സംഭവത്തിൽ അമ്മയുടെയും മൂത്തകുട്ടിയുടെയും പ്രതിയുടെയും മൊഴിയെടുക്കും
അതേസമയം പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ് പറഞ്ഞു. ഭക്ഷണം നൽകിയിട്ടും കഴിക്കുന്നില്ല. വെള്ളം പോലും കുടിക്കാൻ കൂട്ടാക്കുന്നില്ലെന്നും ചോദ്യങ്ങൾക്ക് പ്രതി ധാർഷ്ട്യത്തോടെ പെരുമാറുന്നുവെന്നും പൊലീസ് പറയുന്നു. ആലപ്പുഴയിലെ ഒരു പൂജാരിയുടെ സഹായിയായിരുന്നു ഹരികുമാർ. ഈ പൂജാരിയെയും ചോദ്യം ചെയ്യും.















