ന്യൂഡൽഹി: രഞ്ജി ട്രോഫി തിരിച്ചുവരവിൽ ഡൽഹി ആരാധകരെ നിരാശരാക്കി വിരാട് കോലി. റെയിൽവേസിനെതിരായ മത്സരത്തിന്റെ രണ്ടാം ദിനത്തിൽ താരം വെറും ആറ് റൺസെടുത്ത് പുറത്തായി. റെയിൽവേസ് പേസർ ഹിമാൻഷു സാങ്‌വാന്റെ പന്താണ് കോലിയുടെ കുറ്റി തെറിപ്പിച്ചത്. ന്യൂഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ഇഷ്ടതാരത്തിന്റെ ബാറ്റിംഗിനായി കാത്തിരുന്ന ആരാധകർ കോലി പുറത്തയതിനുപിന്നാലെ കൂട്ടത്തോടെ സ്റ്റേഡിയം വിട്ടു.
12 വർഷത്തിന് ശേഷമാണ് കോലി ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയത്. ഡൽഹിക്ക് ആദ്യ സെഷനിൽ യഷ് ദുല്ലിന്റെ വിക്കറ്റ് നഷ്ടമായതോടെ നാലാമനായാണ് കോലി ക്രീസിലെത്തിയത്. താരത്തെ ഒരുനോക്ക് കാണാൻ ആയിരക്കണക്കിന് ആളുകൾ സ്റ്റാൻഡിൽ നിറഞ്ഞിരുന്നു. ഇന്ത്യൻ താരം ബാറ്റിങ്ങിന് എത്തിയ പിന്നാലെ കോലി, കോലി മുദ്രാവാക്യവും ആരാധകർ ഏറ്റുപാടി. എന്നാൽ വെറും 15 പന്തുകൾ മാത്രം നേരിട്ട കോലി സാങ്‌വാന്റെ ഇൻ-സ്വിംഗിംഗ് ഡെലിവറിയിൽ പുറത്തായി.
കോലിയും പുറത്തായതോടെ ഡൽഹി മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 86 റൺസ് എന്ന നിലയിലാണ്. ന്യൂസിലൻഡിനും ഓസ്‌ട്രേലിയയ്‌ക്കുമെതിരായ അദ്ദേഹത്തിന്റെ സമീപകാല ടെസ്റ്റ് പ്രകടനങ്ങൾ താരത്തിന്റെ ഫോമിനെകുറിച്ച് ആശങ്കയുയർത്തിയിരുന്നു. ഇംഗ്ലണ്ടിനെതിരായ നിർണായക ടെസ്റ്റ് പരമ്പരയ്‌ക്ക് മുന്നോടിയായി ഫോം വീണ്ടെടുക്കാനുള്ള താരത്തിന്റെ ശ്രമങ്ങൾക്കാണ് മങ്ങലേറ്റിരിക്കുന്നത്. 2012ൽ ഉത്തർപ്രദേശിനെതിരെയാണ് കോലി അവസാനമായി രഞ്ജി ട്രോഫി കളിച്ചത്.
Virat Kohli Wicket Vs Railway Ranji Trophy Match pic.twitter.com/Y3hdYcC2kC
— yogendracrick (@cricketlover672) January 31, 2025















