ന്യൂഡൽഹി: രാഷ്‌ട്രപതി ദ്രൗപദി മുർമുവിനെതിരെ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി നടത്തിയ അധിക്ഷേപ പരാമർശത്തെ അപലപിച്ച് ബിജെപി. ദേശീയ അദ്ധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെപി നദ്ദയാണ് സോണിയക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ച് രംഗത്തെത്തിയത്.
താനുൾപ്പെടെയുള്ള ബിജെപിയുടെ എല്ലാ കാര്യകർത്താക്കളും സോണിയയുടെ പരാമർശത്തെ അപലപിക്കുകയാണെന്ന് നദ്ദ അറിയിച്ചു. ആദരണീയ രാഷ്‌ട്രപതി ദ്രൗപദി മുർമുവിനെ കഷ്ടം (poor thing) എന്ന് സോണിയ വിശേഷിപ്പിച്ചത് കോൺഗ്രസിന്റെ സ്വഭാവമാണ് ചൂണ്ടിക്കാട്ടുന്നത്. ദരിദ്രർക്കെതിരായ, വനവാസികൾക്കെതിരായ കോൺഗ്രസിന്റെ വരേണ്യസ്വഭാവമാണ് സോണിയയിലൂടെ പ്രകടമായതെന്നും ജെപി നദ്ദ പറഞ്ഞു. രാഷ്‌ട്രപതി ദ്രൗപദി മുർമുവിനോടും രാജ്യത്തെ വനവാസി സമൂഹത്തോടും കോൺഗ്രസ് പാർട്ടി നിരുപാധികം മാപ്പ് പറയണമെന്നും ബിജെപി ആവശ്യപ്പെട്ടു.
പാർലമെന്റിൽ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ലോക്സഭയേയും രാജ്യസഭയേയും സംയുക്തമായി അഭിസംബോധന ചെയ്ത് രാഷ്‌ട്രപതി ദ്രൗപദി മുർമു നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിന് പിന്നാലെയായിരുന്നു കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്സണായ സോണിയ ഗാന്ധിയുടെ അധിക്ഷേപ പരാമർശം.
“പ്രസംഗം വായിച്ച് അവസാനമാകുമ്പോഴേക്കും പ്രസിഡന്റിന് ക്ഷീണമായി, സംസാരിക്കാൻ പോലും വയ്യ, കഷ്ടം!!” എന്നായിരുന്നു ദ്രൗപദി മുർമുവിനെക്കുറിച്ച് സോണിയ മാദ്ധ്യമങ്ങളോട് പറഞ്ഞത്. തൊട്ടരികിൽ മക്കളായ രാഹുലും പ്രിയങ്കയും നിൽപ്പുണ്ടായിരുന്നു. ഏറെ മടുപ്പുളവാക്കുന്ന പ്രസംഗമാണ് രാഷ്‌ട്രപതി നടത്തിയതെന്ന് രാഹുലും പ്രതികരിച്ചു. ഇതിന്റെ വീഡിയോ വൈറലായതോടെയാണ് സോണിയക്കെതിരെ അതിരൂക്ഷ വിമർശനങ്ങൾ ഉയർന്നത്.















