തിരുവനന്തപുരം: നിർണായക മത്സരത്തിൽ ബിഹാറിനെ ഇന്നിംഗ്സിനും 168 റൺസിനും തകർത്ത് കേരളം രഞ്ജി ട്രോഫി ക്വാർട്ടറിൽ. ആറുവർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ക്വാർട്ടർ പ്രവേശനം. ബിഹാറിനെ ആദ്യ ഇന്നിംഗ്സിൽ 64 റൺസിനും രണ്ടാം ഇന്നിംഗ്സിൽ 118 റൺസിനുമാണ് പുറത്താക്കിയത്. ജലജ് സക്സേനയുടെ പത്തു വിക്കറ്റ് പ്രകടനമാണ് കേരളത്തിന്റെ അശ്വമേധത്തിന് കരുത്തായത്. മത്സരത്തിന്റെ രണ്ടാം ദിനത്തിൽ തന്നെ ബിഹാറിനെ രണ്ടുവട്ടം പുറത്താക്കി കേരളത്തിന് ഉജ്ജ്വല വിജയം സമ്മാനിച്ചത് ബൗളർമാരാണ്. സ്കോർ കേരളം -351, ബിഹാർ-64,118
ആദ്യ ഇന്നിംഗ്സിൽ 23.1 ഓവറിൽ പുറത്തായ ബിഹാർ ഫോൺ ഓൺ ചെയ്തു. രണ്ടാം ഇന്നിംഗ്സിലും കേരള ബൗളർമാരുടെ കണിശതയിൽ ബിഹാറിന് പിടിച്ചുനിൽക്കാനായില്ല. 41.1 ഓവറിൽ അവർ പുറത്തായതോട കേരളത്തിന് ത്രസിപ്പിക്കുന്ന ജയം. ആദിത്യ സർവാതെ മൂന്നു വിക്കറ്റ് വീഴ്‌ത്തിയപ്പോൾ എം.ഡി നിധീഷ്, വൈശാഖ് ചന്ദ്രൻ എന്നിവരും തിളങ്ങി. 31 റൺസ് നേടിയ ഷാക്കിബുൽ ഗനിയാണ് അവരുടെ രണ്ടാം ഇന്നിംഗ്സിലെ ടോപ് സ്കോറർ. ക്യാപ്റ്റൻ വീർ പ്രതാപ് സിംഗ് 30 റൺസെടുത്തു. 15 റൺസെടുത്ത ശ്രമൺ നിഗ്രോധ് ആണ് രണ്ടക്കം കടന്ന മറ്റൊരു ബാറ്റർ. എലൈറ്റ് ഗ്രൂപ്പ് സിയിൽ നിന്നാണ് കേരളം ക്വാർട്ടറിലേക്ക് മാർച്ച് ചെയ്തത്.















