ന്യൂഡൽഹി: രാഷ്‌ട്രപതി ദ്രൗപദി മുർമുവിനെതിരെ കോൺഗ്രസ് എംപി സോണിയ ഗാന്ധി നടത്തിയ അധിക്ഷേപ പരാമർശത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്‌ട്രപതിക്കെതിരെ അനാദരവും അഹങ്കാരവും പ്രകടിപ്പിക്കുന്ന കോൺഗ്രസ് നേതൃത്വത്തിനെതിരെ നരേന്ദ്രമോദി രൂക്ഷമായ വിമർശനങ്ങളാണ് ഉന്നയിച്ചത്.
ദ്രൗപദി മുർമുവിനെ ‘കഷ്ടം’ എന്ന് വിശേഷിപ്പിച്ച സോണിയയുടെ വാക്കുകൾ വനവാസി സമൂഹത്തെ മുഴുവൻ അവഹേളിക്കുന്നതിന് തുല്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഡൽഹിയിലെ ദ്വാരകയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
പാർലമെന്റിനെയാണ് രാഷ്‌ട്രപതി മുർമു അഭിസംബോധന ചെയ്തത്. പക്ഷെ, ‘രാജ’കുടുംബത്തിലെ ഒരംഗത്തിന് രാഷ്‌ട്രപതിയുടെ ഭാഷ മടുപ്പുളവാക്കുന്നതായി തോന്നി. അർബൻ നക്സലുകളുടെ പദപ്രയോഗങ്ങളിൽ രാജകുടുംബത്തിന് വളരെ താത്പര്യമുണ്ടെന്നാണ് തോന്നുന്നതെന്നും മോദി പറഞ്ഞു.
കോൺഗ്രസും ആംആദ്മി പാർട്ടിയും അഹങ്കാരത്തിന്റെ രൂപങ്ങളാണ്. ഡൽഹിയിലെ പ്രവൃത്തികളിൽ നിന്ന് AAPയുടെ തനിസ്വരൂപം പ്രകടമായി. ഇന്നത്ത പ്രകടനത്തിൽ നിന്ന് കോൺഗ്രസിനെയും തിരിച്ചറിഞ്ഞു. സോണിയയുടെ അഭിപ്രായപ്രകടനം തീർത്തും അനുചിതമായിരുന്നു. രാഷ്‌ട്രപതി ദ്രൗപദി മുർമു കഷ്ടമാണെന്ന് പറഞ്ഞത് നിർഭാഗ്യകരമാണ്. പ്രസിഡന്റിനെതിരെ മാത്രമല്ല, ഓരോ ദരിദ്രർക്കും വനവാസികൾക്കും നേരെയുള്ള അവഹേളനമാണ് സോണിയ നടത്തിയതെന്നും നരേന്ദ്രമോദി പറഞ്ഞു.
സോണിയയുടെ വിവാദപരാമർശത്തിൽ രാഷ്‌ട്രപതി ഭവനും അതൃപ്തി രേഖപ്പെടുത്തിയിരുന്നു. പാർലമെന്റിലെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ലോക്സഭയേയും രാജ്യസഭയേയും സംയുക്തമായി അഭിസംബോധന ചെയ്ത് രാഷ്‌ട്രപതി ദ്രൗപദി മുർമു നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിനെതിരെ സോണിയ ഗാന്ധി നടത്തിയ പരിഹാസമാണ് ചർച്ചകൾക്ക് ഇടയാക്കിയത്. “പ്രസംഗം വായിച്ച് അവസാനമാകുമ്പോഴേക്കും പ്രസിഡന്റിന് ക്ഷീണമായി, സംസാരിക്കാൻ പോലും വയ്യ, കഷ്ടം!!” എന്നായിരുന്നു സോണിയയുടെ വാക്കുകൾ. രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്ന് സോണിയയുടെ പരാമർശത്തിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്.















