ഇംഗ്ലണ്ടിനെതിരായ നാലാം ടി20 യിൽ തോൽവിയുടെ വക്കിൽ നിന്നും ജയം കൈപിടിയിലൊതുക്കിയ ഇന്ത്യൻ ടീമിന്റെ പ്രതിരോധത്തെ പ്രശംസിച്ച് ടി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ഇംഗ്ലണ്ടിനെതിരായ നാലാം മത്സരം 15 റൺസിന് വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. 12/3 എന്ന നിലയിൽ തകർന്ന ഇന്ത്യയെ കരകയറ്റി പൊരുതാവുന്ന സ്കോറിലേക്കെത്തിച്ചത് ഹർദിക് പാണ്ഡ്യയുടെയും ശിവം ദുബെയുടെയും പ്രകടനമാണ്. മത്സരശേഷം ഇരുവരെയും ക്യാപ്റ്റൻ അഭിനന്ദിച്ചു.
“12 റൺസിന് 3 വിക്കറ്റുകൾ നഷ്ടമായപ്പോൾ പിന്നെയൊരു തിരിച്ചുപോക്ക് ഞങ്ങൾ ആഗ്രഹിച്ചിരുന്നില്ല. ഒരു ഓവറിൽ മൂന്നു വിക്കറ്റുകൾ നഷ്ടമായി. എന്നാൽ ഉചിതമായ സമയത്ത് ഹാർദിക്കും ദുബെയും തങ്ങളുടെ അനുഭവസമ്പത്ത് പുറത്തെടുത്തത് പ്രശംസനീയമാണ്,” സൂര്യകുമാർ പറഞ്ഞു.
പവർപ്ലേയ്‌ക്ക് ശേഷം കളി നിയന്ത്രിക്കാനാകുമെന്ന ആത്മവിശ്വാസമുണ്ടായിരുന്നുവെന്നും ഹർഷിത് കൺകഷൻ സബ്സ്റ്റിട്യൂട്ടായിറങ്ങിയതോടെ കാര്യങ്ങൾ കൂടുതൽ എളുപ്പമായെന്നും ക്യാപ്റ്റൻ പറഞ്ഞു. അവസാന ഓവറിൽ പരിക്കുപറ്റി പുറത്തുപോയ ശിവം ദുബൈയ്‌ക്ക് പകരക്കാരനായിറങ്ങിയത് ഹർഷിത് റാണയായിരുന്നു. മൂന്ന് വിക്കറ്റുകൾ വീഴ്‌ത്തിയ റാണ ഇംഗ്ലണ്ടിനെതിരായ ടി20യിൽ സ്വപ്നതുല്യമായ അരങ്ങേറ്റം കുറിച്ചു.
പരമ്പരയ്‌ക്ക് വളരെ മുമ്പുതന്നെ താൻ ഈ അവസരത്തിനായി തയ്യാറെടുക്കുകയായിരുന്നുവെന്ന് മത്സരശേഷം യുവ പേസർ വെളിപ്പെടുത്തി. അതേസമയം ശക്തമായ തുടക്കം ലഭിച്ചുവെങ്കിലും പിന്നീടുള്ള അവസരങ്ങൾ മുതലാക്കാൻ കഴിയാതിരുന്നതാണ് തോൽവിയിലേക്ക് നയിച്ചതെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ലർ പറഞ്ഞു. വിലയേറിയ ക്യാച്ച് നഷ്ട്ടപ്പെടുത്തിയതുൾപ്പെടെ ഉൾപ്പെടെ ഇംഗ്ലണ്ടിന്റെ പ്രധാന വീഴ്ചകൾ അദ്ദേഹം സമ്മതിച്ചു.















