ഇംഗ്ലണ്ട് പരമ്പരയിൽ മോശം ഫോമിലായ സഞ്ജുവിന് പണിയായി പരിക്കും. വാങ്കഡെ സ്റ്റേഡിയത്തിൽ ബാറ്റിംഗിന് ഇറങ്ങിയ താരം രണ്ടാം ഇന്നിംഗ്സിൽ വിക്കറ്റ് കീപ്പിംഗിന് ഇറങ്ങിയിരുന്നില്ല. താരത്തിന് പകരം ധ്രുവ് ജുറേലാണ് കീപ്പിംഗിന് ഇറങ്ങിയത്. 150 റൺസിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 247 റൺസ് പിന്തുടർന്ന ഇംഗ്ലണ്ട് 97 റൺസിന് പുറത്തായി.
ഇതിനിടെ മത്സരത്തിൽ മലയാളി താരം സഞ്ജു സാംസണ് പരിക്കേറ്റു. മത്സരത്തിന്റെ ആദ്യ ഓവറിലെ മൂന്നാം പന്തിലാണ് താരത്തിന് വിരലിന് പരിക്കേറ്റത്. ജോഫ്ര ആർച്ചർ എറിഞ്ഞ പന്താണ് സഞ്ജുവിന്റെ വിരലിൽ ഇടിച്ചത്. ആദ്യ പന്തിൽ ആർച്ചറെ സിക്സറിന് പറത്തിയ സഞ്ജു, ഫിസിയോ പരിശോധനയ്‌ക്ക് ശേഷം ക്രീസിൽ തുടർന്നു. അതേ ഓവറിൽ ഒരു സിക്സും ഫോറും കൂടി നേടിയിരുന്നു.
എന്നാൽ മാർക്ക് വുഡിന്റെ അടുത്ത ഓവറിൽ ഷോർട്ട് ബോളിൽ താരം വീണ്ടും പുറത്തായി. 16 റൺസുമായി കൂടാരം കയറി. താരത്തിനെ സ്കാനിംഗിന് വിധേയനാക്കിയെങ്കിലും കൂടുതൽ റിപ്പോർട്ടുകളൊന്നും ബിസിസിഐ പുറത്തുവിട്ടില്ല. രാജസ്ഥാൻ ക്യാപ്റ്റനായ സഞ്ജു അടുത്ത മാസം തുടങ്ങുന്ന ഐപിഎൽ കളിക്കുമോ എന്ന ആശങ്കയിലാണ് ആരാധകർ.