ന്യൂയോർക്ക്: സോഷ്യൽ മീഡിയയിൽ ‘ബയോണിക് ബാർബി’ എന്നറിയപ്പെടുന്ന യുഎസ് ഇൻഫ്ളുവൻസർ എൽഡിയാര ഡൗസെറ്റ് അടുത്തിടെ പങ്കുവച്ച വീഡിയോ ആളുകളെ കണ്ണീരണിയിച്ചു. അപൂർവ അർബുദം ബാധിച്ച 22 കാരി എൽഡിയാരക്ക് രോഗം മൂർച്ഛിച്ചതോടെ തന്റെ വലതുകൈ മുറിച്ചുമാറ്റേണ്ടി വന്നു. എന്നാൽ തന്റെ വേർപെട്ട കൈക്കുവേണ്ടി ശവസംസ്കാര ചടങ്ങു നടത്തുന്ന വീഡിയോയാണ് എൽഡിയാര പങ്കുവച്ചത്. പ്രതികൂല സാഹചര്യങ്ങൾക്കെതിരായ അവളുടെ ധീരമായ പോരാട്ടത്തെ ആഘോഷിക്കാനും മറ്റുള്ളവരെ പ്രചോദിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ് വീഡിയോ. 4.4 ദശലക്ഷത്തിലധികം ലൈക്കുകളാണ് വീഡിയോക്ക് ലഭിച്ചത്.
ജനുവരി 15 നായിരുന്നു ചടങ്ങുകൾ. മൂടുപടത്തോടുകൂടിയ കറുത്ത വസ്ത്രം ധരിച്ച എൽഡിയാര കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം ശവസംസ്കാര ചടങ്ങിനായി ഒത്തുകൂടി. എംബാം ചെയ്ത കൈ നഖങ്ങളിൽ കറുത്ത ചായം പൂശി, കൈത്തണ്ടയിൽ ചുവന്ന പുഷ്പം കൊണ്ട് അലങ്കരിച്ചിരുന്നു.“എന്റെ കൈ എന്നെ കൊല്ലാൻ ശ്രമിച്ചുവെന്ന് ഞാൻ പലപ്പോഴും തമാശ പറയുമായിരുന്നു, പക്ഷേ ഇവിടെ നിൽക്കുമ്പോൾ, അതും എന്റെ രോഗത്തിന്റെ ഇരയാണെന്ന് ഞാൻ മനസിലാക്കുന്നു. അത് എനിക്കായി പരമമായ ത്യാഗം ചെയ്തു.” കണ്ണുകൾ നിറയുമ്പോഴും പുഞ്ചിരിച്ചുകൊണ്ട് എൽഡിയാര പറഞ്ഞു.
പ്രതിവർഷം ഏകദേശം 1,000 പേരിൽ മാത്രം കണ്ടുപിടിക്കുന്ന അപൂർവ അർബുദമായ സിനോവിയൽ സാർക്കോമയ്‌ക്കെതിരായ പോരാട്ടത്തിലാണ് എൽഡിയാരക്ക് വലതുകൈ നഷ്ടമായത്. മൂന്ന് വർഷം മുൻപാണ് രോഗം സ്ഥിരീകരിച്ചത്. അന്നുമുതലുള്ള തന്റെ വെല്ലുവിളി നിറഞ്ഞ കാലഘട്ടം അവർ സോഷ്യൽ മീഡിയയയിലൂടെ പങ്കുവച്ചിരുന്നു. ഇൻസ്റ്റഗ്രാമിൽ 510,000 ഫോളോവേഴ്സാണ് യുഎസ് ഇൻഫ്ളുവൻസർക്കുള്ളത്. കീമോതെറാപ്പി, റേഡിയേഷൻ തെറാപ്പി, നിരവധി ശസ്ത്രക്രിയകൾ എന്നിവയിലൂടെ കടന്നുപോയെങ്കിലും മൂന്ന് തവണ അർബുദം 22 കാരിയുടെ ജീവിതത്തിലേക്ക് തിരികെയെത്തി. കഴിഞ്ഞ ഒക്ടോബറിൽ ആരോഗ്യനില വഷളായതോടെ അവളുടെ വലതു കൈ കൈമുട്ടിന് താഴെവച്ച് മുറിച്ചുമാറ്റുകയായിരുന്നു.
View this post on Instagram