ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ടി20 മത്സരങ്ങളിൽ മോശം ഫോം തുടർന്ന ഓപ്പണർ സഞ്ജു സാംസണെ വിമർശിച്ച് മുൻ ഇന്ത്യ താരവും ചീഫ് സെലക്ടറുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത്. തുടർച്ചയായി ഷോട്ട് ബോളുകളിൽ പുറത്താകാനുള്ള കാരണം സഞ്ജുവിന്റെ ഈഗോയാണെന്ന് ശ്രീകാന്ത് ആരോപിച്ചു. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ പേസർമാരുടെ ഷോട്ട് ബോളുകൾ നേരിടുന്നതിൽ പരാജയപ്പെട്ട സഞ്ജു ചെറിയ സ്കോറുകളിൽ പുറത്തായിരുന്നു.
താരം ഈ രീതിയാലാണ് തുടർന്നും കളിക്കുന്നതെങ്കിൽ യശസ്വി ജയ്‌സ്വാളിനെ പോലുള്ള യുവതാരങ്ങൾ ഈ സ്ഥാനം കയ്യടക്കുമെന്നും ശ്രീകാന്ത് മുന്നറിയിപ്പ് നൽകി. ചാമ്പ്യൻസ് ട്രോഫിയിൽ സഞ്ജുവിന് അവസരം ലഭിക്കാത്തതിനെ ചോദ്യം ചെയ്യുന്നവരെയും നിശബ്ദരാക്കുന്ന തരത്തിലാണ് സഞ്ജുവിന്റെ ഇപ്പോഴത്തെ പ്രകടനമെന്നും അദ്ദേഹം പറഞ്ഞു. “എത്ര ഷോട്ട് ബോളുകൾ എറിഞ്ഞാലും അതെല്ലാം അടിക്കുമെന്ന ഈഗോയാണ് സഞ്ജുവിന്. അതാണ് എല്ലാ കളികളിലും ഒരേ രീതിയിൽ പുറത്തായത്, ക്രിക്കറ്റ് അറിയാത്തവർ പോലും ഇത് കണ്ടാൽ ചോദിച്ച് പോകും,” ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞു.
ടി20 ക്യാപ്റ്റൻ സൂര്യകുമാറിനെയും ശ്രീകാന്ത് കണക്കിന് വിമർശിച്ചു. സൂര്യയും തുടർച്ചയായി ഒരേഷോട്ടിന് മുതിർന്നാണ് പുറത്താകുന്നതെന്നും ഇന്ത്യ പരമ്പര ജയിച്ചതുകൊണ്ടാണ് ക്യാപ്റ്റനെതിരെ അധികം വിമർശനങ്ങൾ ഉയരാത്തതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ഷോട്ടുകൾ ഐപിഎല്ലിൽ കളിക്കാനാകുമെന്നു അവിടെ ഇത്രയും വേഗത്തിൽ പന്തെറിയുന്നവർ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഇരു താരങ്ങളും തങ്ങളുടെ ബാറ്റിങ്ങിൽ തിരുത്തലുകൾ വരുത്താൻ തയാറാകണമെന്നും ശ്രീകാന്ത് ആവശ്യപ്പെട്ടു.















