ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലെത്തി നിൽക്കവേ ആംആദ്മി പാർട്ടി പ്രവർത്തകർക്കെതിരെയും ഡൽഹി മുഖ്യമന്ത്രി അതിഷിക്കെതിരെയും കേസെടുത്ത് പൊലീസ്. അതിഷിക്കെതിരെ പെരുമാറ്റച്ചട്ടം ലംഘിച്ചതിനും പാർട്ടി അനുനായികൾക്കെതിരെ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതിനുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെ ഗോവിന്ദ്പുരി പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിളിനെ തടഞ്ഞുവെക്കുകയും ആക്രമിക്കുകയും ചെയ്തതിന് ആം ആദ്മി പാർട്ടിയിലെ അംഗങ്ങളായ അഷ്മിത്, സാഗർ മേത്ത എന്നിവരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. അതിഷിയുടെ നേതൃത്വത്തിൽ പെരുമാറ്റച്ചട്ടം ലംഘിച്ച് പത്തോളം വാഹനങ്ങളും അറുപതോളം അനുനായികളുമായി ഫത്തേ സിംഗ് മാർഗിൽ ജനക്കൂട്ടം സൃഷ്ടിച്ചിരുന്നു. ഇതിനെത്തുടർന്ന് ഇവിടെയെത്തിയ ഹെഡ് കോൺസ്റ്റബിൾ കൗശൽ പാൽ ദൃശ്യങ്ങൾ വീഡിയോയിൽ പകർത്താൻ ശ്രമിക്കുമ്പോഴാണ് പാർട്ടി അംഗങ്ങൾ അദ്ദേഹത്തെ ആക്രമിച്ചത്.
പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടിട്ടും അതിഷിയോ പ്രവർത്തകരോ തയ്യാറായില്ലെന്ന് പൊലീസ് പറയുന്നു. പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഭാരതീയ ന്യായ സംഹിതയുടെ സെക്ഷൻ 223 പ്രകാരം അതിഷിക്കെതിരെ കേസെടുത്തു. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പക്ഷപാതപരമായ നടപടിയാണിതെന്നായിരുന്നു ആംആദ്മിയുടെ ആരോപണം. ആരോപണങ്ങളോട് പ്രതികരിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ ഇത് ഇസിഐയെ അപകീർത്തിപ്പെടുത്താനുള്ള ബോധപൂർവമായ സമ്മർദ്ദ തന്ത്രമാണെന്ന് ചൂണ്ടിക്കാട്ടി.















