കൊല്ലം: കൊട്ടാരക്കരയിൽ ആംബുലൻസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രോഗിയും ഭാര്യയും മരിച്ചു. ആംബുലൻസിലുണ്ടായിരുന്ന അടൂർ ഏഴംകുളം സ്വദേശികളായ തമ്പി(65), ഭാര്യ ശ്യാമള(60 ) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ഏഴുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എംസി റോഡിൽ സദാനന്ദപുരത്തുവച്ച് രാത്രി 12 മണിയോടെയായിരുന്നു അപകടം. തമ്പിയെ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇവരുടെ മകൾ ബിന്ദു അടക്കമുള്ളവർക്ക് അപടത്തിൽ പരിക്കേറ്റു. ഡ്രൈവർ ഉൾപ്പെടെ അഞ്ചുപേരാണ് ആംബുലൻസിൽ ഉണ്ടായിരുന്നത്. അതേസമയം കോഴിയുമായി വന്ന ലോറിയിൽ നാലുപേരും ഉണ്ടായിരുന്നു.
പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്കും മാറ്റി. അടൂരിൽ നിന്നും തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. മരിച്ച തമ്പിയുടെ മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും ശ്യാമളയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലുമാണുള്ളത്.















