മാംസാഹാരപ്രേമികളുടെ ഇഷ്ടവിഭവങ്ങളാണ് ചിക്കനും മട്ടനും. വറുത്തും കറിവച്ചും റോസ്റ്റ് ചെയ്തുമൊക്കെ ഇവ കഴിക്കാം. വിറ്റമിൻ എ, ബി12 എന്നിവയാൽ സമ്പന്നമാണ് ചിക്കനും മട്ടനുമെന്ന് നിങ്ങൾക്കറിയാമോ? ഈ വിറ്റമിനുകളെല്ലാം ഇവയുടെ കരളിലാണ് ഇരിക്കുന്നത്. ചിക്കന്റെയും മട്ടന്റെയും കരളിൽ ധാരാളം വൈറ്റമിനുകൾ അടങ്ങിയിട്ടുണ്ടെന്നും ആരോഗ്യത്തെ പുഷ്ടിപ്പെടുത്താൻ ഇവ സഹായിക്കുമെന്നും പഠനങ്ങൾ പറയുന്നു.
ചിക്കൻ ലിവറിന്റെ ഗുണങ്ങൾ:
ധാരാളം പോഷകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. പ്രോട്ടീൻ, അയേൺ, സെലീനിയം, വൈറ്റമിൻ ബി12, ഫൊളേറ്റ്, വിറ്റമിൻ എ എന്നിവയാൽ സമ്പുഷ്ടമാണ് ചിക്കൻ ലിവർ. ശരീരത്തിലെ പ്രമേഹത്തിന്റെ അളവ് നിയന്ത്രിക്കാൻ ചിക്കൻ ലിവർ സഹായിക്കും.
മട്ടൻ ലിവറിന്റെ ഗുണങ്ങൾ:
നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം മട്ടന്റെ കരളിൽ വൈറ്റമിൻ എ, ഡി, ബി12, അയേൺ, സിങ്ക്, പൊട്ടാസ്യം, കോപ്പർ എന്നിവ അടങ്ങിയിട്ടുണ്ട്. വിളർച്ച തടയാനും പ്രതിരോധശേഷി കൂട്ടാനും സഹായിക്കുന്ന ഘടകങ്ങളാണ് ഇതിലുള്ളത്. പോഷകങ്ങളുടെ കാര്യത്തിൽ ചിക്കൻ ലിവറിനേക്കാൾ ഒരുപടി മുന്നിലാണ് മട്ടൻ ലിവറിന്റെ സ്ഥാനം.
കഴിക്കേണ്ടത് എങ്ങനെ?
ചിക്കൻ/മട്ടൺ കരൾ പൊരിച്ചും വറുത്തുമൊക്കെയാണ് കഴിക്കുന്നതെങ്കിൽ മേൽപ്പറഞ്ഞ ഗുണങ്ങളൊന്നും ശരീരത്തിന് ലഭിക്കില്ല. കരളിലെ പോഷകങ്ങൾ നഷ്ടപ്പെടാതിരിക്കാൻ ഇവ പച്ചക്കറികൾക്കൊപ്പമോ അല്ലാതെയോ വേവിച്ച് കഴിക്കുകയാണ് വേണ്ടത്. ആഴ്ചയിൽ ഒന്നോ രണ്ടോ പ്രാവശ്യം കഴിക്കുകയും ചെയ്യാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
നല്ലതാണെന്ന് കരുതി അമിതമായി കഴിച്ചാലും പണി കിട്ടുമെന്നുറപ്പാണ്. കരൾ അമിതമായി കഴിച്ചാൽ കൊളസ്ട്രോളിന്റെ അളവ് കൂടാം. അതുപോലെ ഹൃദ്രോഗം, ഫാറ്റി ലിവർ എന്നിവയുള്ളവർ ഒരുപാട് കഴിക്കുകയും അരുത്. ചിക്കൻ ലിവറിൽ വിറ്റമിൻ എ ധാരാളമുള്ളതിനാൽ ഗർഭിണികൾ അധികം കഴിക്കരുതെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. ഇത് കുഞ്ഞിന്റെ വളർച്ചയെ ദോഷകരമായി ബാധിച്ചേക്കാം.