വാഷിംഗ്ടൺ: രാജ്യാന്തര ക്രിമിനൽ കോടതിയ്ക്ക് ഉപരോധമേർപ്പെടുത്തി ഡോണൾഡ് ട്രംപ്. ഇത് സംബന്ധിച്ച് എക്സിക്യൂട്ടീവ് ഓർഡർ ട്രംപ് ഒപ്പ് വെച്ചു. അമേരിക്കയ്‌ക്കും ഇസ്രയേലിനെതിരെ അടിസ്ഥാന രഹിതവും നിയമവിരുദ്ധവുമായ നടപടികൾ അന്താരാഷ്‌ട്ര കോടതി സ്വീകരിക്കുന്നു എന്നാണ് ട്രംപിന്റെ നിലപാട്.
രാജ്യാന്തര ക്രിമിനൽ കോടതിയ്‌ക്കുള്ള സാമ്പത്തിക സഹായവും അമേരിക്ക അവസാനിപ്പിക്കും. കൂടാതെ യുഎസിൽ പ്രവർത്തിക്കുന്ന കോടതി പ്രതിനിധികളുടെയും കുടുംബങ്ങളുടെയും വിസ റദ്ദാക്കുമെന്നും എക്സിക്യൂട്ടീവ് ഉത്തരവിൽ പറയുന്നു. അമേരിക്കയുടെ പരമാധികാരത്തിൽ കടന്നുകയറുന്നു എന്ന കടുത്ത വിമർശനവും ഉന്നയിക്കുന്നുണ്ട്.
ഇസ്രായേൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹുമായുള്ള കൂടക്കാഴ്ചയ്‌ക്ക് ശേഷമായിരുന്നു ട്രംപിന്റെ നടപടി. നെതന്യാഹുവിനെതിരെ രാജ്യാന്തര ക്രിമിനൽ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
ട്രംപ് അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷം ലോകാരോഗ്യ സംഘടന, പാരീസ് കാലാവസ്ഥാ ഉടമ്പടി, യുഎൻ മനുഷ്യവകാശ സമിതി, യുഎൻ റിലീഫ് വർക്ക് ഏജൻസി എന്നിവയിൽ നിന്നും യുഎസ് പിൻമാറിരുന്നു.















