ശ്രീനഗർ: നിയന്ത്രണ രേഖയിലെ പാക് ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം. 4-5 തീയതികളിൽ രാത്രിയിലുണ്ടായ ഏറ്റുമുട്ടലിൽ 2 പാക് സൈനികരുൾപ്പെടെ ഏഴ് ഭീകരരെ വധിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി സെക്ടറിലായിരുന്നു സംഭവം. ഇന്ത്യാ വിരുദ്ധ അജണ്ട നടപ്പിലാക്കുന്നത്തിന്റെ ഭാഗമായി പാകിസ്‌താനിൽ കശ്മീർ ഐക്യദാർഢ്യ ദിനം’ ആചരിക്കുന്നതിനിടെയാണ് സംഭവം.
അതിർത്തി കടന്നുള്ള ഓപ്പറേഷനുകൾക്കായി പാകിസ്താൻ രൂപീകരിച്ചിട്ടുള്ള ബോർഡർ ആക്ഷൻ ടീം (BAT) ഒരു ഫോർവേഡ് പോസ്റ്റ് ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെ ഇന്ത്യൻ സൈന്യം പതിയിരുന്ന് തിരിച്ചടിക്കുകയായിരുന്നു. ഓപ്പറേഷനിൽ കൊല്ലപ്പെട്ട തീവ്രവാദികൾ അൽ-ബദർ ഗ്രൂപ്പിലെ അംഗങ്ങളാണെന്നാണ് സംശയം.
കശ്മീർ ഉൾപ്പെടെയുള്ള എല്ലാ പ്രശ്‌നങ്ങളും ഇന്ത്യയുമായുള്ള ചർച്ചയിലൂടെ പരിഹരിക്കാമെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഈ ആഴ്ച ആദ്യം പ്രസ്താവന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കം. അതേസമയം ജമ്മു കശ്മീരും ലഡാക്കും രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണെന്ന നിലപാട് ഇന്ത്യ പലതവണ ആവർത്തിച്ചിട്ടുണ്ട്. ഭീകരതയും അക്രമവും ഇല്ലാത്ത ഒരു അന്തരീക്ഷത്തിൽ മാത്രമേ പാകിസ്താനുമായി നല്ല ബന്ധം സാധ്യമാകൂ എന്നും രാജ്യം വ്യക്തമാക്കിയിട്ടുണ്ട്.