ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ ബിജെപി ബഹുദൂരം മുന്നിലാണ്. പോസ്റ്റൽ വോട്ടുകളാണ് ആദ്യഘട്ടത്തിൽ എണ്ണുന്നത്. നിലവിൽ ആംആദ്മി പാർട്ടിയേക്കാൾ മൂന്നിരട്ടി സീറ്റുകളിൽ ബിജെപി മുന്നേറുകയാണ്.
അതേസമയം വോട്ടെണ്ണി തുടങ്ങുമ്പോൾ ആം ആദ്മി പാർട്ടിയുടെ പ്രമുഖ നേതാക്കളായ അരവിന്ദ് കെജ്‌രിവാൾ, ഡൽഹി മുഖ്യമന്ത്രി അതിഷി, മനീഷ് സിസോദിയ തുടങ്ങിയവരെല്ലാം പിന്നിലാണെന്നുള്ള വിവരമാണ് പുറത്തുവരുന്നത്. ന്യൂഡൽഹിയിൽ ബിജെപിയുടെ പർവേഷ് വർമയാണ് കെജ്‌രിവാളിനെ പിന്നിലാക്കി ലീഡ് ചെയ്യുന്നത്. കോൺഗ്രസ് ഒരു സീറ്റിൽ മാത്രമാണ് മുന്നിട്ട് നിൽക്കുന്നത്.
ആംആദ്മിയിൽ നിന്നും ബിജെപിയിലേക്കെത്തിയ കൈലാഷ് ഗെഹ്‌ലോട്ട് അടക്കമുള്ള നേതാക്കൾ ലീഡ് ചെയ്യുന്നുണ്ട്. ആകെ 70 നിയമസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതിൽ 45 സീറ്റുകളിലും ബിജെപി നിലവിൽ ലീഡ് ചെയ്യുന്നുണ്ട്. ആംആദ്മി ശക്തികേന്ദ്രങ്ങളിൽ വരെ ബിജെപിക്ക് തുടക്കത്തിൽ മുന്നേറ്റമുണ്ടാക്കാനായിട്ടുണ്ട്.