ന്യൂഡൽഹി: ആംആദ്മി പാർട്ടിയുടെ സ്ഥാപക നേതാവും അരവിന്ദ് കേജരിവാളിന്റെ വിശ്വസ്തനുമായ മനീഷ് സിസോദിയക്ക് ജംഗ്‌പുര മണ്ഡലത്തിൽ തോൽവി. ബിജെപിയുടെ തർവീന്ദർ സിംഗ് മർവയാണ് അദ്ദേഹത്തെ പരാജയപ്പെടുത്തിയത്. 600 ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സിസോദിയയെ പരാജയപ്പെടുത്തി ബിജെപി സ്ഥാനാർത്ഥിയുടെ വിജയം. തോൽവിക്ക് പിന്നിലെ കാരണങ്ങൾ പിന്നീട് വിശകലനം ചെയ്യുമെന്നാണ് സിസോദിയ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. കഴിഞ്ഞ മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളിലും ആം ആദ്മി പാർട്ടിക്ക് ശക്തമായ സ്വാധീനമുള്ള സീറ്റിലാണ് അവരുടെ തന്നെ ശക്തനായ നേതാവിനെ ബിജെപി സ്ഥാനാർഥി മുട്ടുകുത്തിച്ചത്.
ഡൽഹി മദ്യനയക്കേസിൽ അറസ്റ്റിലായി പിന്നീട് ജാമ്യത്തിലിറങ്ങിയ സിസോദിയ ഇത്തവണ തന്റെ സ്ഥിരം മണ്ഡലമായ പട്പർഗഞ്ചിൽ നിന്ന് ജംഗ്‌പുരയിലേക്ക് മാറിയാണ് മത്സരിച്ചത്. നെഹ്‌റു നഗർ, സൺലൈറ്റ് കോളനി, നിസാമുദ്ദീൻ ബസ്തി തുടങ്ങിയ പ്രദേശങ്ങളിലെ ദളിത്, മുസ്ലീം വിഭാഗങ്ങളുടെ പിന്തുണ നേടി വിജയം ഉറപ്പിക്കാമെന്ന സിസോദിയയുടെ കണക്കുകൂട്ടലുകളാണ് തെറ്റിയത്. പാർട്ടി വിജയിച്ചാൽ സിസോദിയ വീണ്ടും ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുമെന്ന ആം ആദ്മി പാർട്ടി നേതാവ് കേജരിവാളിന്റെ പ്രഖ്യാപനവും പാഴായി.
അരവിന്ദ് കേജരിവാളിന്റെ ഉപമുഖ്യമന്ത്രിയായിരുന്ന 53 കാരനായ നേതാവിനെ ഡൽഹി മദ്യ എക്സൈസ് നയ കേസുമായി ബന്ധപ്പെട്ട് 2023 മാർച്ചിൽ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ഏകദേശം ഒന്നര വർഷത്തെ ജയിൽവാസത്തിന് ശേഷം കഴിഞ്ഞ വർഷം ഓഗസ്റ്റിൽ സുപ്രീം കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിക്കുമാകയായിരുന്നു. ‘ജനങ്ങളുടെ കോടതി’യിലെ വിധിക്ക് ശേഷം മാത്രമേ താൻ അധികാര സ്ഥാനം ഏറ്റെടുക്കുകയുള്ളുവെന്നായിരുന്നു അന്ന് സിസോദിയ പറഞ്ഞിരുന്നത്.















