ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾ തുടങ്ങാൻ ആഴ്ചകൾ ശേഷിക്കെ ഓപ്പണർ സയിം അയൂബിന് പരിക്കേറ്റ പുറത്തായത് പാകിസ്താന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. സയിമിനുപകരം ആരെ ഓപ്പണറാക്കുമെന്ന ചർച്ചകളാണ് പാകിസ്താൻ സെലക്ടർമാർക്കിടയിൽ നടക്കുന്നത്. എന്നാൽ ഇത് സംബന്ധിച്ച ചോദ്യങ്ങൾക്ക് പാകിസ്താൻ ക്യാപ്റ്റൻ മുഹമ്മദ് റിസ്വാൻ നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
ഓപ്പണിങ്ങിലേക്ക് ആര് പകരക്കാരനായിറങ്ങുമെന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് ആ റോൾ കിംഗ് ചെയ്യുമെന്നായിരുന്നു റിസ്വാന്റെ മറുപടി. ചാമ്പ്യൻസ് ട്രോഫിയിൽ ബാബർ അസം ഓപ്പണർ ആകുമെന്ന സൂചനയാണ് ക്യാപ്റ്റൻ നൽകിയത്. മൂന്നാം നമ്പറിൽ ഇറങ്ങുന്ന ബാബറിന് ഏകദിനത്തിൽ മികച്ച റെക്കോർഡാണുള്ളത്. 60.17 ശരാശരിയിൽ 5,416 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്. എന്നാൽ ഓപ്പണറായിറങ്ങിയ രണ്ടിന്നിംഗ്‌സുകളിൽ നിന്ന് 26 റൺസ് മാത്രമാണ് നേടിയിട്ടുള്ളത്.
എന്നാൽ പാകിസ്താൻ സെലക്ടർമാരുടെ ഈപുതിയ നീക്കം ഇന്ത്യൻ ക്രിക്കറ്റിൽ നിന്നും പ്രചോദനം ഉൾകൊണ്ടുകൊണ്ടാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 69 മത്സരങ്ങൾ കളിച്ച ശേഷമാണ് ബാറ്റിംഗ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ ഇന്നിങ്‌സ് ഓപ്പണറായിറങ്ങി തുടങ്ങിയത്.1994 ൽ ഓക്ക്‌ലൻഡിൽ ന്യൂസിലൻഡിനെതിരെയായിരുന്നു ഓപ്പണറായുള്ള അദ്ദേഹത്തിന്റെ ആദ്യ മത്സരം. ആ മത്സരത്തിൽ സച്ചിൻ വെറും 49 പന്തിൽ നിന്നും 82 റൺസ് നേടി. പിന്നീടങ്ങോട്ട് ഇന്ത്യൻ ക്രിക്കറ്റിന്റെ വിശ്വസ്തനായ ഓപ്പണറായിരുന്നു സച്ചിൻ. ഓപ്പണർ എന്ന നിലയിൽ സച്ചിൻ ചെയ്ത കാര്യങ്ങൾ ബാബറിനും അനുകരിക്കാൻ കഴിയുമെന്നാണ് പാക് സെലക്ടർമാരുടെ വിശ്വാസം.















