ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ പൂജ്യത്തിൽ ഹാട്രിക് നേടി കോൺഗ്രസ് ‘ചരിത്ര’മെഴുതിയപ്പോൾ നോട്ടയോട് തോറ്റ് കമ്യൂണിസ്റ്റ് പാർട്ടിയും റെക്കോർഡ്’ തീർത്തിരിക്കുകയാണ്. 70 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷവും കടന്ന് അധികാരം ലഭിച്ച ബിജെപി നേടിയത് 46 ശതമാനത്തോളം വോട്ടായിരുന്നു. അധികാരം നഷ്ടപ്പെട്ട ആംആദ്മിയാകട്ടെ 43.7 ശതമാനം വോട്ടും പെട്ടിയിലാക്കി. ഒരുപാർട്ടിയിലും താത്പര്യമില്ലെന്ന് കാണിച്ച് നോട്ടയിൽ (NOTA) കുത്തിയത് 0.56 ശതമാനം വോട്ടർമാരാണ്. നോട്ടയ്‌ക്കൊപ്പം ഓടാൻ ശ്രമിച്ച് ഡൽഹിയിലും ഓടിത്തളർന്നിരിക്കുകയാണ് ഇടതുപക്ഷം.
സിപിഐയും സിപിഎമ്മും 0.01 ശതമാനം വോട്ടുവീതമാണ് നേടിയത്. അതിലും കൂടുതൽ വോട്ടുകൾ നോട്ട പെട്ടിയിലാക്കിയെന്ന് ചുരുക്കം. ‘ദേശീയപാർട്ടി’യായ സിപിഐ(എം) ഇതരപാർട്ടികളോട് മാത്രമല്ല, നോട്ടയോടും തോറ്റു.
കഴിഞ്ഞ അഞ്ചാം തീയതിയായിരുന്നു ഡൽഹിയിൽ വോട്ടെടുപ്പ് നടന്നത്. 60.54 ആയിരുന്നു പോളിംഗ് ശതമാനം. വോട്ടർപട്ടികയിൽ ഒന്നരക്കോടി ആളുകളുണ്ടെങ്കിലും 94.5 ലക്ഷത്തോളം പേരായിരുന്നു സമ്മതിദാനാവകാശം വിനിയോഗിച്ചത്.
70 സീറ്റുകളിൽ 48 ഇടത്തും വിജയം ബിജെപിക്കൊപ്പമായിരുന്നു. 22 മണ്ഡലങ്ങളാണ് ഭരണകക്ഷിയായ ആംആദ്മിയെ പിന്തുണച്ചത്. കോൺഗ്രസിന് ഇത്തവണയും സീറ്റില്ല. വോട്ടുശതമാനം നേരിയതോതിൽ വർദ്ധിപ്പിച്ചെങ്കിലും അക്കൗണ്ട് തുറക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ല.















