തോൽവി പ്രതീക്ഷിച്ചിരിക്കാം, പക്ഷെ ഇത്ര വലിയ പരാജയം സ്വപ്നങ്ങളിൽ മാത്രം!!! ഭരണം നഷ്ടപ്പെട്ടതിനൊപ്പം ജനപ്രതിനിധി വേഷവും അഴിച്ചുവെക്കേണ്ട ഗതികേടിലാണ് ആംആദ്മി ദേശീയ കൺവീനർ അരവിന്ദ് കേജരിവാൾ. ന്യൂഡൽഹി മണ്ഡലത്തിൽ നിന്ന് മത്സരിച്ച അദ്ദേഹത്തിന് നാലക്ക വോട്ടുകൾക്ക് പരാജയമേറ്റുവാങ്ങേണ്ടി വന്നു.
ആംആദ്മിയുടെ വടവൃക്ഷത്തെ ബിജെപിയുടെ പർവേഷ് സാഹിബ് സിംഗ് വർമയാണ് വെട്ടിയരിഞ്ഞത്. 30,088 വോട്ടുകൾ നേടിയപ്പോൾ ആപ്പിന് ലഭിച്ചത് വെറും 25,999 വോട്ടുകളായിരുന്നു. 4,089 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പർവേഷ് വർമയുടെ വിജയം. കേജരിവാളിന്റെ ജനപ്രതിനിധിസ്ഥാനം എടുത്തുകളഞ്ഞതും ആ 4,089 വോട്ടുകളാണ്. അതേ മണ്ഡലത്തിൽ നിന്നാണ് മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ മകൻ സന്ദീപ് ദീക്ഷിത് കോൺഗ്രസിന് വേണ്ടി മത്സരിച്ച് പരാജയപ്പെട്ടതെന്നതും ശ്രദ്ധേയമാണ്. വെറും 4,568 വോട്ടുകളായിരുന്നു സന്ദീപ് ദീക്ഷിതിന് പെട്ടിയിലാക്കാൻ സാധിച്ചത്.
കഴിഞ്ഞ പത്ത് വർഷത്തിലധികമായി ന്യൂഡൽഹിയെ പ്രതിനിധീകരിച്ച നേതാവായിരുന്നു അരവിന്ദ് കേജരിവാൾ. 2013ൽ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെ തോൽപ്പിച്ച് നിയമസഭയിലേക്ക് നടന്നുകയറിയ കേജരിവാളിന് 13 വർഷങ്ങൾക്കിപ്പുറം MLA സ്ഥാനം നഷ്ടപ്പെടുകയാണ്. പാർട്ടിയുടെ പതനവും സ്വന്തം പരാജയവും തോൽവിയുടെ കയ്പ്പിന് ആഴംകൂട്ടി. ഇനിയൊരു തിരിച്ചുവരവ് മോഹിക്കാൻ 22 സീറ്റുകളിലെ വിജയമാണ് ആംആദ്മിയുടെയും കേജരിവാളിന്റെയും മുൻപിലുള്ള ഏക പ്രതീക്ഷ. എന്നാൽ ആംആദ്മി ഉദയം ചെയ്തപ്പോഴുണ്ടായിരുന്ന ആദർശങ്ങൾ കേജരിവാൾ തന്നെ ചുരുട്ടിക്കൂട്ടി ചവറ്റുകുട്ടയിൽ നിക്ഷേപിച്ചതിനാൽ ഡൽഹിയിൽ ഇനിയൊരു മടങ്ങിവരവ് ബാലികേറാമലയാരും ആപ്പിന്.