ഫെബ്രുവരി എട്ടിന് ജനവിധി വന്നപ്പോൾ വട്ടപ്പൂജ്യമായിരിക്കുകയാണ് അരവിന്ദ് കേജരിവാൾ. ആദർശങ്ങളുടെ മൂടുപടമണിഞ്ഞ് ഡൽഹിയെ കബളിപ്പിച്ചതിനുള്ള മറുപടി ജനങ്ങൾ പോളിംഗ് ബൂത്തിലൂടെ നൽകി കഴിഞ്ഞു. ന്യൂഡൽഹി മണ്ഡലത്തിൽ കേജരിവാളിനെ മുട്ടുകുത്തിച്ചതാകട്ടെ ബിജെപിയുടെ പർവേഷ് വർമയും.
ആരാണ് പർവേഷ് വർമ..
47-കാരൻ!! മുഴവൻ പേര് പർവേഷ് സാഹിബ് സിംഗ് വർമ. 1977ൽ ഹിന്ദു ജാട്ട് കുടുംബത്തിൽ ജനനം. ഡൽഹി മുൻ മുഖ്യമന്ത്രി സാഹിബ് സിംഗ് വർമയുടെ അഞ്ച് മക്കളിൽ ഒരാൾ. ആർകെ പുരത്തെ പബ്ലിക് സ്കൂളിൽ വിദ്യാഭ്യാസം. കിരോരി മാൽ കോളേജിൽ നിന്ന് ബിരുദവും ഫോർ സ്കൂൾ ഓഫ് മാനേജ്മെന്റിൽ നിന്ന് എംബിഎയും.
രാഷ്‌ട്രീയകുടുംബത്തിൽ നിന്നുള്ള പർവേഷിന്റെ രാഷ്‌ട്രീയ പ്രവേശനം 2013-ലായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ മെഹ്രൗലി മണ്ഡലത്തിൽ നിന്ന് ബിജെപിയുടെ ജനപ്രതിനിധിയായി. ശേഷം 2014ൽ പശ്ചിമ ഡൽഹിയിൽ നിന്ന് ലോക്സഭയിലേക്ക്. 2019ലെ പൊതുതെരഞ്ഞെടുപ്പിൽ സീറ്റുനിലനിർത്തിയത് 5.78 ലക്ഷം ഭൂരിപക്ഷത്തോടെ.
കേജരിവാളിന്റെ എതിർസ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ പർവേഷ് വർമ ആപ്പിനോട് യുദ്ധമാരംഭിച്ചിരുന്നു. 2025ലെ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അരവിന്ദ് കേജരിവാളിനെതിരെ ക്യാമ്പയിനുകൾ നയിച്ചതും പർവേഷ് സാഹിബായിരുന്നു. കേജരിവാളിനെ നീക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്നതായിരുന്നു ക്യാമ്പയിൻ. ഡൽഹിക്ക് കേജരിവാൾ നൽകിയ പൊള്ള വാഗ്ദാനങ്ങൾ ഓരോന്നും പർവേഷ് വർമ അക്കമിട്ട് നിരത്തി. ന്യൂഡൽഹി മണ്ഡലത്തിൽ നിന്ന് കേജരിവാളിനെ തുരത്തിയാൽ യമുനയെ മലിനമുക്തമാക്കുമെന്നും ചേരിനിവാസികൾക്ക് പാർപ്പിടം നൽകുമെന്നും 50,000 സർക്കാർ ജോലികൾ സൃഷ്ടിക്കുമെന്നും പർവേഷ് വർമ ഉറപ്പുനൽകി.
ഇസ്ലാമിസ്റ്റുകളുടെ കണ്ണിലെ കരടുകൂടിയായിരുന്നു പർവേഷ് വർമ. അതുകൊണ്ടുതന്നെ പിഎഫ്ഐയുടെ ഹിറ്റ് ലിസ്റ്റിൽ അദ്ദേഹം ഉണ്ടായിരുന്നതായും പറയപ്പെടുന്നു. ലക്നൗ ജയിലിൽ കഴിയുന്ന പോപ്പുലർഫ്രണ്ട് കമാൻഡർമാർ ദേശീയ അന്വേഷണ ഏജൻസിക്ക് നൽകിയ മൊഴിയിലൂടെയാണ് ഇക്കാര്യം വിവരം പുറത്തുവന്നത്. പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന്റെ മറവിൽ നടന്ന ഡൽഹി കലാപത്തിൽ ഇസ്ലാമിസ്റ്റുകൾക്കേറ്റ കനത്ത തിരിച്ചടിയായിരുന്നു പർവേഷ് വർമ ടാർഗെറ്റ് ചെയ്യപ്പെടാൻ കാരണം. അന്ന് ഡൽഹിയിലെ സജീവ നേതാക്കളിലൊരാളായിരുന്നു പർവേഷ് വർമ. തുടർന്ന് പിഎഫ്ഐയുടെ നോട്ടപ്പുള്ളിയായെങ്കിലും പിഎഫ്ഐ നേതാക്കൾ പിടിയിലായതോടെ വധിക്കാനുള്ള പദ്ധതി പൊളിയുകയായിരുന്നു.