കഴിഞ്ഞ നവംബറിൽ ഫുട്ബോൾ മത്സരരംഗത്ത് അരങ്ങേറ്റം കുറിച്ചതുമുതൽ ആരാധകരുടെ ശ്രദ്ധാകേന്ദ്രമാണ് ലയണൽ മെസിയുടെ മകൻ തിയാഗോ. അച്ഛന്റെ വഴിയേ മകനും ഫുട്‍ബോളിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുമോയെന് ഉറ്റുനോക്കുകയാണ് ആരാധകർ. മെസിയുടെ ജന്മനാടായ റൊസാരിയോയിൽ ഇന്റർ മയാമിയുടെ അണ്ടർ 13 ടീമിനു വേണ്ടിയാണ് തിയാഗോ തന്റെ ആദ്യ ജൂനിയർ മത്സരം കളിച്ചത്. ലൂയിസ് സുവാരസിന്റെ മകനു പകരക്കാരനായാണ് 12 കാരൻ ഇറങ്ങിയത്.
അടുത്തിടെ U-13 MLS നെക്സ്റ്റ് മത്സരത്തിൽ ഇന്റർ മയാമി അറ്റ്ലാന്റ യുണൈറ്റഡിന്റെ അണ്ടർ 13 ടീമിനെ12-0 ന് തകർത്തുവെന്നും ഇതിൽ 11 ഗോളുകളും നേടി ടീമിനെ വിജയത്തിലേക്ക് നയിച്ചത് തിയഗോയാണെന്നുമുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പന്ത്രണ്ടാം മിനിറ്റിൽ ആദ്യ ഗോൾ നേടിയ ജൂനിയർ താരം 27, 30, 35, 44, 51, 57, 67, 76, 87, 89 മിനിറ്റുകളിൽ ഗോളുകൾ നേടി കളിയിലുടനീളം ആധിപത്യം പുലർത്തിയെന്ന് വിവിധ വാർത്താ മാദ്ധ്യമങ്ങൾ വിശദീകരിച്ചു. ഒറ്റ മത്സരത്തിൽ 11ഗോളുകൾ നേടിയ ജൂനിയർ മെസിയുടെ വാർത്ത സോഷ്യൽ മീഡിയയിലും വൈറലായി.
എന്നാൽ ഇത് തെറ്റായ വാർത്തയാണെന്ന് പ്രശസ്ത സ്പാനിഷ് ഫുട്ബോൾ പത്രപ്രവർത്തകൻ ഗില്ലെം ബാലാഗ്വെ എക്‌സിൽ കുറിച്ചു. മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ, പെപ് ഗാർഡിയോള എന്നിവരുടെ ജീവചരിത്രങ്ങൾ എഴുതിയയാളാണ് ഗില്ലെം ബാലാഗ്വെ. വാർത്ത വ്യാജമാണെന്നും MLS നെക്സിന്റെ ഔദ്യോഗിക ഷെഡ്യൂൾ സൂക്ഷ്മമായി പരിശോധിച്ചാൽ ഇങ്ങനൊരു മത്സരം നടന്നിട്ടില്ലെന്ന് വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്റർ മയാമിയുടെ അണ്ടർ 13 ടീം ഈ സീസണിൽ അറ്റ്ലാന്റ യുണൈറ്റഡിനെ നേരിട്ടിട്ടില്ല. ഇരു ടീമുകളും തമ്മിൽ ഒരു ഷെഡ്യൂൾ ചെയ്ത മത്സരവും ഇല്ലെന്നും ഗില്ലെം വ്യക്തമാക്കി. ഇന്റർ മയാമിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.















