ന്യൂഡൽഹി: നാല് ദിവസത്തെ ഫ്രാൻസ്, അമേരിക്ക സന്ദർശനനായി പ്രധാനമന്ത്രി നരേന്ദ്രമോദി പുറപ്പെട്ടു. ഡൽഹി വിമാനത്താവളത്തിൽ നിന്ന് ആദ്യം പാരിസിലേക്കാണ് പ്രധാനമന്ത്രി യാത്ര തിരിച്ചത്. ആദ്യം ഫ്രാൻസിലേക്കും അവിടെ നിന്ന് അമേരിക്കയിലേക്കും പോകും. പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി പാരിസിലെത്തുന്നത്.
ഫ്രാൻസിൽ നടക്കുന്ന എഐ ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. ഇമ്മാനുവൽ മാക്രോണുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. സാമ്പത്തിക സഹകരണം, വ്യാപാരം, സുരക്ഷ എന്നീ വിഷയങ്ങൾ കേന്ദ്രീകരിച്ച് ചർച്ച നടക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
2023-ല്‍ യുകെയിലും 2024-ല്‍ ദക്ഷിണ കൊറിയയിലും നടന്ന ആഗോള സമ്മേളനങ്ങളുടെ തുടര്‍ച്ചയാണ് പാരിസിലെ എഐ ഉച്ചകോടി. യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സും ചൈനീസ് ഉപപ്രധാനമന്ത്രി ഡിങ് സൂക്സിയാഗും ഉച്ചകോടിയില്‍ പങ്കെടുക്കും.
എഐ ഉച്ചകോടിക്ക് പിന്നാലെ ഫ്രഞ്ച് പ്രസിഡന്റിന്റെ അത്താഴവിരുത്തിൽ പങ്കെടുത്ത ശേഷം പ്രധാനമന്ത്രി യുഎസിലേക്ക് തിരിക്കും. അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡോണാൾഡ് ട്രംപ് അധികാരമേറ്റതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ യുഎസ് സന്ദർശനമാണിത്. ദ്വിദിന സന്ദർശനത്തിനായി വാഷിംഗ്ടണിലെത്തുന്ന അദ്ദേഹം ട്രംപുമായി കൂടിക്കാഴ്ച നടത്തും. യുഎസിലെ മറ്റ് പ്രതിനിധികളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.