ഇടുക്കി: കാട്ടാന ആക്രമണത്തിൽ 45 കാരി മരിച്ചു. ഇടുക്കി പെരുവന്താനത്താണ് സംഭവം. നെല്ലുവിള സ്വദേശി സോഫിയ ഇസ്മയിലാണ് മരിച്ചത്. കൊമ്പൻപാറ ടി ആർ ആൻഡ് ടീ എസ്റ്റേറ്റിൽ വച്ചാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ എത്തിയിരുന്നു. പ്രതിഷേധത്തെ തുടർന്ന് ഇന്ന് പുലർച്ചെയാണ് മൃതദേഹം മാറ്റാനായത്.
സോഫിയയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസാഹയം നൽകുമെന്ന് കളക്ടർ വി വിഗ്നേശ്വരി അറിയിച്ചു. കൂടാതെ സോഫിയയുടെ മകൾക്ക് ജോലി നൽകുമെന്നും കളക്ടർ ഉറപ്പുനൽകി. തുടർന്നാണ് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചത്. മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും.
വനാതിർത്തിയോട് ചേർന്നാണ് സോഫിയയുടെ കുടുംബം താമസിക്കുന്നത്. കഴിഞ്ഞ ദിവസം വൈകുന്നരം വീടിന് സമീപത്തെ അരുവിയിൽ കുളിക്കാൻ പോകുന്നതിനിടെയാണ് സോഫിയ കാട്ടാനയുടെ മുന്നിൽ അകപ്പെട്ടത്. കാട്ടാനശല്യത്തിനെതിരെ ധനമന്ത്രിക്ക് നേരിട്ട് പരാതി നൽകിയിട്ടും പരിഹാരനടപടി ഉണ്ടായില്ലെന്ന് സോഫിയയുടെ ഭർത്താവ് പറഞ്ഞു.
ഫെബ്രുവരി ആറിന് ഇടുക്കി മറയൂരിൽ കാട്ടാന ആക്രമണത്തിൽ 57 കാരൻ കൊല്ലപ്പെട്ടിരുന്നു.