എറണാകുളം: കോതമംഗലത്ത് വീട്ടിലെ ശുചിമുറിയിൽ നിന്നും രാജവെമ്പാലയെ പിടികൂടി. പുന്നേക്കാട് കൊണ്ടികൊറ്റം സ്വദേശി ജിജോയുടെ വീട്ടിൽനിന്നാണ് പാമ്പിനെ പിടികൂടിയത്. 15 അടിയോളം നീളമുള്ള കൂറ്റൻ രാജവെമ്പാലയെയാണ് വീടിന്റെ ശുചിമുറിയിൽ കണ്ടെത്തിയത്. വീട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് വനംവകുപ്പ് അധികൃതരെത്തി പാമ്പിനെ പിടികൂടി.
തണുപ്പ് തേടിയാകാം രാജവെമ്പാല ശുചിമുറിയിലെത്തിയതെന്നാണ് വനംവകുപ്പ് അധികൃതർ പറയുന്നത്. ശുചിമുറി തുറന്നപ്പോൾ പാമ്പിനെക്കണ്ട് ഭയന്ന വീട്ടുകാർ ഉടൻതന്നെ പുന്നേക്കാട് വനംവകുപ്പ് ഓഫീസിൽ വിവരമറിയിക്കുകയായിരുന്നു. വീട്ടിലെത്തിയ പാമ്പുപിടിത്ത വിദഗ്ധൻ ഏറെ പണിപ്പെട്ടാണ് രാജവെമ്പാലയെ പിടികൂടിയത്.
പാമ്പിനെ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറിയ ശേഷം ഉൾവനത്തിനുള്ളിൽ തുറന്നുവിടും. പുന്നേക്കാട്, തട്ടേക്കാട് വനമേഖലയോട് ചേർന്ന പ്രദേശത്താണ് ജിജോയുടെ വീട് സ്ഥിതിചെയ്യുന്നത്. അതുകൊണ്ട് ഇവിടെ നിന്നാവാം രാജവെമ്പാല വീട്ടിലെ ശുചിമുറിയിലേക്ക് എത്തിയതെന്നാണ് വനംവകുപ്പിന്റെ നിഗമനം