കൊച്ചി: ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ കേരളത്തിലെത്തി. രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ അദ്ദേഹംകൊച്ചിക്കടുത്തുള്ള ശ്രീ അഗസ്ത്യ മഹർഷി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി. ക്ഷേത്രഭാരവാഹികൾ അദ്ദേഹത്തെ പൂർണ്ണകുംഭം നൽകി സ്വീകരിച്ചു. ക്ഷേത്രത്തിൽ പ്രദക്ഷിണം നടത്തിയ അദ്ദേഹം വഴിപാടുകളും സമർപ്പിച്ചു.
തമിഴ്‌നാട്ടിലെയും കേരളത്തിലെയും ക്ഷേത്രങ്ങൾ സന്ദർശിക്കുന്നതിനായി മൂന്നു ദിവസത്തെ തീർത്ഥാടന യാത്രയുടെ ഭാഗമായി അദ്ദേഹം കേരളത്തിലെത്തിയത് . ഈ സന്ദർശനത്തിൽ പവൻ കല്യാണിന്റെ മകൻ അകിരാനന്ദനും , ടിടിഡി അംഗം ശ്രീ ആനന്ദസായിയും അദ്ദേഹത്തോടൊപ്പമുണ്ട്.
“ഉപമുഖ്യമന്ത്രിയും ജനസേന പ്രസിഡന്റുമായ പവൻ കല്യാൺ ഇന്ന് കേരളത്തിലെയും തമിഴ്‌നാട്ടിലെയും ക്ഷേത്രങ്ങൾ സന്ദർശിക്കാൻ പുറപ്പെട്ടു. ഈ പരിപാടിയുടെ ഭാഗമായി അദ്ദേഹം അൽപ്പം മുമ്പ് കേരളത്തിലെ കൊച്ചി വിമാനത്താവളത്തിലെത്തി,” ജനസേനയുടെ പ്രസ്താവനയിൽ പറയുന്നു.
വൈകുന്നേരം കല്യാൺ തിരുവനന്തപുരം തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രം സന്ദർശിക്കും എന്നാണ് സൂചന. മൂന്ന് ദിവസത്തെ യാത്രയിൽ പത്മനാഭ സ്വാമി, മധുര മീനാക്ഷി, കുംഭേശ്വര, തിരുത്തണി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രങ്ങൾ ഉൾപ്പെടെ നിരവധി പ്രമുഖ ക്ഷേത്രങ്ങളും അദ്ദേഹം സന്ദർശിക്കും.
തന്റെ ക്ഷേത്ര സന്ദർശനങ്ങൾക്ക് രാഷ്‌ട്രീയ പ്രാധാന്യമില്ലെന്ന് പവൻ കല്യാൺ പറഞ്ഞെങ്കിലും, തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങൾ സന്ദർശിക്കുന്നത് സനാതന ധർമ്മം പ്രചരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ ദൗത്യത്തിന്റെ ഭാഗമാണെന്ന് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
തമിഴ്നാട്ടിൽ ചൂടേറിയ രാഷ്‌ട്രീയ വിഷയമായി മാറിയ സനാതന ധർമ്മത്തെക്കുറിച്ചുള്ള ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിന്റെ വിവാദ പരാമർശങ്ങളെ പവൻ കല്യാൺ നേരത്തെ അപലപിച്ചിരുന്നു. അതിനാൽ, തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളിലേക്കുള്ള അദ്ദേഹത്തിന്റെ സന്ദർശനം സംസ്ഥാനത്ത് രാഷ്‌ട്രീയ ചർച്ചകൾക്ക് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നു.
ബിജെപി പ്രെസിഡന്റ് അണ്ണാമലൈ ഉൾപ്പെടെയുള്ള തമിഴ്‌നാട്ടിലെ ബിജെപി നേതാക്കളും പവൻ കല്യാണിന്റെ ക്ഷേത്ര സന്ദർശനങ്ങളിൽ ഒന്നിൽ പങ്കെടുക്കുമെന്ന് റിപ്പോർട്ടുണ്ട്. ഫെബ്രുവരി 15 ന് പവൻ കല്യാൺ വിജയവാഡയിലേക്ക് മടങ്ങുമെന്നാണ് സൂചന.