കോഴിക്കോട്: എടിഎം കുത്തിത്തുറന്ന് കവർച്ച നടത്താൻ ശ്രമിച്ചയാൾ പിടിയിൽ. മലപ്പുറം സ്വദേശി വിജേഷാണ് ചേവായൂർ പൊലീസിന്റെ പിടിയിലായത്. സാമ്പത്തിക ബാധ്യതകളാണ് മോഷണ ശ്രമത്തിന് പിന്നിലെന്ന് വിജേഷ് പൊലീസിന് മൊഴി നൽകി. പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് അറിയിച്ചു.
പറമ്പിൻകടവ് പാലത്തിലെ പ്രധാനറോഡിനോട് ചേർന്നുള്ള ഹിറ്റാച്ചിയുടെ എടിഎമ്മിലാണ് കവർച്ചാ ശ്രമം നടന്നത്. പുലർച്ചെ 2.30 നായിരുന്നു സംഭവം. എന്നാൽ ഈ സമയത്ത് ഇതുവഴി പട്രോളിംഗ് നടത്തുകയായിരുന്ന കൺട്രോൾ റൂമിലെ പൊലീസ് സംഘം സംശയം തോന്നി കൗണ്ടറിൽ പരിശോധിച്ചപ്പോഴാണ് പ്രതി പിടിയിലായത്. എടിഎമ്മിന്റെ ഷട്ടർ താഴ്ന്ന് കിടക്കുമ്പോഴും ഉള്ളിൽ ലൈറ്റ് കണ്ടതാണ് സംശയത്തിന് വഴിവച്ചത്.
കൗണ്ടറിനുള്ളിൽ കടക്കാൻ ശ്രമിച്ച പൊലീസിനെ പ്രതി അകത്തുനിന്നും ഷട്ടർ പൂട്ടി പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പ്രതി ചുറ്റിക അടക്കമുള്ള ആയുധങ്ങൾ ഉപയോഗിച്ച് എടിഎം കുത്തിത്തുറന്ന് കവർച്ച നടത്താനുള്ള ശ്രമത്തിലായിന്നുവെന്ന് പൊലീസ് പറയുന്നു. പ്രതിയെ അറസ്റ്റ് ചെയ്ത് ചെവിയോട് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. വിജേഷ് പോളിടെക്‌നിക് ബിരുദധാരിയാണ്.















