പ്രയാഗ്‌രാജ്: മാഘ പൂർണിമ ദിനത്തിൽ കുംഭമേളയിൽ ത്രിവേണീ സംഗമത്തിൽ പുണ്യസ്നാനം ചെയ്‌തത് രണ്ട് കോടിയിലധികം ഭക്തർ. കഴിഞ്ഞ ദിവസം വൈകുന്നേരം ആറുമണിവരെയെത്തിയവരുടെ കണക്കാണ് ഉത്തർപ്രദേശ് സർക്കാർ പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയിലുള്ളത്. ബുധനാഴ്ച പുലർച്ചെ ആരംഭിച്ച പുണ്യസ്നാനത്തിനായി കനത്ത സുരക്ഷയും പ്രത്യേക ക്രമീകരണങ്ങളും ഏർപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ലഖ്‌നൗവിലെ തന്റെ ഔദ്യോഗിക വസതിയിലെ വാർ റൂമിൽ പുലർച്ചെ 4 മണി മുതൽ കുംഭമേളയിൽ ഒരുക്കങ്ങൾ നിരീക്ഷിച്ച് വിലയിരുത്തുകയും ചെയ്തു.
വിശേഷ ദിനത്തിൽ ഹെലികോപ്റ്ററിൽ നിന്ന് ഭക്തരുടെ മേൽ പുഷ്പവൃഷ്ടിയും നടന്നു. മാഘ പൂർണിമയിലെ സ്നാനത്തോടെ, ഒരു മാസം നീണ്ടുനിന്ന കല്പവാസ് അവസാനിക്കും. ഇതോടെ ഏകദേശം 10 ലക്ഷം കല്പവാസികൾ മഹാകുംഭത്തിൽ പങ്കെടുത്ത് മടങ്ങും മഹാ കുംഭമേള ആരംഭിച്ചതിനുശേഷം ആകെ 47 കോടിയിലധികം ഭക്തർ ഗംഗയിൽ പുണ്യസ്നാനം ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു.
ചൊവ്വാഴ്ച പുലർച്ചെ 4 മണി മുതൽ പ്രയാഗ്‌രാജ് ‘വാഹന നിരോധന മേഖല’യായി പ്രഖ്യാപിച്ചിരുന്നു. സുരക്ഷ ഉറപ്പാക്കാൻ വ്യോമ നിരീക്ഷണവും കർശനമായ ആന്റി-ഡ്രോൺ നടപടികളും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മഹാകുംഭ് നഗർ എസ്എസ്പി രാജേഷ് ദ്വിവേദി പറഞ്ഞു. 2,750 ഹൈടെക് ക്യാമറകൾ, ഡ്രോണുകൾ, 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു ആന്റി-ഡ്രോൺ സിസ്റ്റം എന്നിവയാണ് നിരീക്ഷണത്തിനായി വിന്യസിച്ചിരിക്കുന്നത്. കുംഭമേളയിലെ ക്രമീകരണങ്ങൾ മികച്ചതായിരുന്നുവെന്ന് തീർത്ഥാടകരും അഭിപ്രായപ്പെട്ടു. ഫെബ്രുവരി 26 ന് മഹാശിവരാത്രി ദിനത്തിലെ ‘അമൃത് സ്നാന’ത്തോടെ മഹാ കുംഭമേള സമാപിക്കും.















