ആലപ്പുഴ: നാടൻബോംബ് പൊട്ടി ഗുണ്ട കൊല്ലപ്പെട്ട കേസിലെ പ്രതി സജിമോന് സിപിഎം അംഗത്വം. ചാത്തനാട് കണ്ണൻ കൊലപാതക കേസിലെ മൂന്നാം പ്രതിയാണ് സജിമോൻ. കഴിഞ്ഞ ദിവസം ലോക്കൽ സെക്രട്ടറി പങ്കെടുത്ത യോഗത്തിലാണ് അംഗത്വം നൽകാൻ തീരുമാനമെടുത്തത്.
ഒരു ഗുണ്ടയെ ഉൾപ്പെടുത്തുന്നതിന് മറ്റ് പാർട്ടി അംഗങ്ങൾ എതിർപ്പ് പ്രകടിപ്പിച്ചിട്ടും സിപിഎം നേതാക്കൾ അംഗത്വം നൽകാനുള്ള തീരുമാനമെടുക്കുകയായിരുന്നു. ആലപ്പുഴ ഏരിയ കമ്മിറ്റിക്ക് കീഴിലുള്ള ആശ്രമം ലോക്കൽ കമ്മിറ്റിയിലെ മന്നത്ത് B ബ്രാഞ്ചിലാണ് സജിമോൻ എന്ന ഗുണ്ടയ്‌ക്ക് പാർട്ടി അംഗത്വം നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം വിഭാഗീയ പ്രവർത്തനങ്ങൾ നടത്തിയ വിമതന് അംഗത്വം നൽകിയതിൽ പ്രതിഷേധിച്ച് പ്രവർത്തകർ കൂട്ട രാജിയടക്കം നൽകുന്ന സാഹചര്യവും പാർട്ടിയിൽ ഉണ്ടായിരുന്നു.
നേരത്തെ ഗുണ്ടകളെയും രാഷ്‌ട്രീയ ക്രിമിനലുകളെയും പാർട്ടിയിൽ നിന്നും അകറ്റിനിർത്തണമെന്ന നിർദേശങ്ങൾ പാർട്ടി നേതൃത്വത്തിന്റെ ഭാഗത്തു നിന്നും രേഖകളും ഉണ്ടായിരുന്നു. ഇതെല്ലം കാറ്റിൽ പറത്തിയാണ് സിപിഎമ്മിന്റെ പുതിയ നീക്കം. 2021ലാണ് സജിമോൻ പ്രതിയായ കൊലപാതകം നടന്നത്. നാടൻ ബോംബ് പൊട്ടിച്ച് പ്രദേശത്ത് പരിഭ്രാന്തി സൃഷ്‌ടിച്ച ശേഷം കണ്ണൻ എന്ന ഗുണ്ടയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.