ലക്നൗ: സ്ത്രീധനത്തിന്റെ പേരിൽ ഭർതൃവീട്ടുകാർ അതിക്രൂരമായി ഉപദ്രവിച്ചെന്ന് യുവതിയുടെ ആരോപണം. മാനസികമായും ശാരീരികമായും പീഡിപ്പിച്ചതിന് പുറമേ ഭർത്താവിന്റെ ബന്ധുക്കൾ എച്ച്ഐവി വൈറസ് കുത്തിവച്ചെന്നാണ് യുവതിയുടെ ആരോപണം. യുവതിയുടെ രക്തപരിശോധനാഫലം പോസിറ്റീവാണ്. എന്നാൽ ഭർത്താവിന് എച്ച്ഐവി ഇല്ലെന്നാണ് ഫലം വ്യക്തമാക്കുന്നത്. ആവശ്യപ്പെട്ട സ്ത്രീധനം നൽകാൻ തയ്യാറാകാതിരുന്നതിന്റെ പേരിലാണ് എച്ച്ഐവി കുത്തിവച്ച് തന്റെ ജീവിതം നശിപ്പിക്കാൻ ഭർതൃവീട്ടുകാർ ശ്രമിച്ചതെന്നും യുവതി ആരോപിച്ചു.
സംഭവത്തിൽ യുവതിയുടെ പിതാവ് നൽകിയ പരാതിപ്രകാരം കേസ് കോടതി കയറിയിരിക്കുകയാണ്. യുപിയിലാണ് സംഭവം നടന്നത്. 2023 ഫെബ്രുവരി 15നായിരുന്നു മകളെ ഹരിദ്വാർ സ്വദേശിയായ സച്ചിന് വിവാഹം കഴിച്ചുനൽകിയതെന്ന് പിതാവ് പറയുന്നു. 15 ലക്ഷം രൂപയും കാറും സ്ത്രീധനമായി നൽകി. കുറച്ചുനാൾ കഴിഞ്ഞപ്പോൾ ഭർതൃവീട്ടുകാർ വീണ്ടും സ്ത്രീധനം ആവശ്യപ്പെട്ടു. സ്കോർപിയോ SUV കാറും 25 ലക്ഷം രൂപയും വേണമെന്നായിരുന്നു ആവശ്യം. പണവും കാറും നൽകാൻ കഴിയില്ലെന്ന് അറിയിച്ചതോടെ ഭർതൃവീട്ടുകാർ യുവതിയെ വീട്ടിൽ നിന്ന് പുറത്താക്കി. വിഷയത്തിൽ ഇടപെട്ട ജസ്വാല ഗ്രാമപഞ്ചായത്ത് പ്രശ്നം താത്കാലികമായി പരിഹരിക്കുകയും യുവതിയെ വീണ്ടും ഭർതൃവീട്ടിലേക്ക് അയക്കുകയും ചെയ്തു. എന്നാൽ ഭർത്താവിന്റെ ബന്ധുക്കൾ ക്രൂരമായി ഉപദ്രവിക്കുകയായിരുന്നു.
യുവതിയെ കൊലപ്പെടുത്തുകയായിരുന്നു ഭർതൃവീട്ടുകാരുടെ ഉദ്ദേശ്യമെന്നാണ് ആരോപണം. ഇതിനായി അവർ എച്ച്ഐവി കുത്തിവച്ചു. ദിവസങ്ങൾ കഴിഞ്ഞപ്പോൾ യുവതിയുടെ ആരോഗ്യനില വഷളാകാൻ തുടങ്ങി. ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് എയ്ഡ്സ് ബാധിച്ചിട്ടുണ്ടെന്ന കാര്യം സ്ഥിരീകരിച്ചത്. എന്നാൽ ഭർത്താവിന്റെ പരിശോധാഫലം നെഗറ്റീവായിരുന്നു. ഇതോടെ പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. പൊലീസ് നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് യുവതിയുടെ പിതാവ് കോടതിയെ സമീപിച്ചു.
കോടതി ഉത്തരവ് പ്രകാരം ഗംഗോ കോട്വാലി പൊലീസ് ഭർത്താവ് സച്ചിനെതിരെ കേസെടുത്തു. സച്ചിന്റെ ബന്ധുക്കളും കേസിൽ പ്രതികളാണ്. സ്ത്രീധന പീഡനം, ശാരീരിക ഉപദ്രവം, വധശ്രമം എന്നിവ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.















