2025 ലെ ചാമ്പ്യൻസ് ട്രോഫി ടീമിലെ നോൺ-ട്രാവലർ റിസർവ് പ്ലേയർക്ക് പരിക്കെന്ന് റിപ്പോർട്ടുകൾ. പരിക്കേറ്റതോടെ യുവതാരം യശസ്വി ജയ്സ്വാളാണ് മുംബൈ-വിദർഭ സെമിഫൈനൽ രഞ്ജി ട്രോഫി ടീമിൽ നിന്നും പുറത്തായി. ചാമ്പ്യൻസ് ട്രോഫിക്കുള്ള സ്‌ക്വാഡിൽ ഇടം നേടാൻ കഴിയാതിരുന്ന താരത്തിന് പരിക്കുമൂലം രഞ്ജിയിലും കളിക്കാനാവാത്തത് വലിയ തിരിച്ചടിയായി .
ചാമ്പ്യൻസ് ട്രോഫിക്കുള്ള ടീമിൽ വരുൺ ചക്രവർത്തിക്ക് ഇടം ലഭിച്ചതോടെയാണ് ജയ്‌സ്വാളിന് പ്രാഥമിക സ്‌ക്വാഡിൽ സ്ഥാനമില്ലാതായത്. നോൺ-ട്രാവലിംഗ് റിസർവ് പ്ലേയർ ആയതിനാൽ താരത്തിന് ടീമിനൊപ്പം ദുബായിയിലേക്ക് വിമാനം കയറാനാവില്ല. ഇതോടെ ജയ്‌സ്വാളിനെ മുംബൈയുടെ രഞ്ജി ടീമിൽ ഉൾപ്പെടുത്തുകയായിരുന്നു. ശിവം ദുബെ, മുഹമ്മദ് സിറാജ് എന്നിവരാണ് മറ്റ് റിസർവ് താരങ്ങൾ. പ്ലേയിങ് ഇലവനിൽ ഉള്ളവർക്ക് പരിക്കേൽക്കുകയോ മറ്റോ ചെയ്താൽ പകരക്കാരനെ ആവശ്യമുണ്ടെങ്കിൽ മാത്രമേ ഇവരെ ടീമിൽ ഉൾപ്പെടുത്തുകയുള്ളു.
നാഗ്പൂരിലെ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ വച്ചാണ് മുംബൈയുടെ സെമിഫൈനൽ പോരാട്ടം. കണങ്കാലിനേറ്റ പരിക്കാണ് താരത്തിന് വില്ലനായത്. പരിക്ക് ഗുരുതരമാണോയെന്ന് വ്യക്തമല്ല. മത്സരത്തിന് മുന്നോടിയായി മുംബൈയുടെ പരിശീലന സെഷനിൽ ജയ്‌സ്വാൾ പങ്കെടുത്തെങ്കിലും ബാറ്റ് ചെയ്യുമ്പോൾ അസ്വസ്ഥത അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്. ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യ മറ്റൊരു നോൺ-ട്രാവലർ റിസർവിനെ പ്രഖ്യാപിക്കുമോ അതോ പകരക്കാരനെ അയയ്‌ക്കേണ്ടിവരുന്നതുവരെ കാത്തിരിക്കുമോയെന്നും കണ്ടറിയണം.















