പോട്ട ഫെഡറൽ ബാങ്ക് കവർച്ച കേസിൽ പൊലീസിനെ വട്ടം കറക്കിയ പ്രതി പിടിയിൽ. തൃശൂർ ജില്ലയിൽ നിന്ന് 36 മണിക്കൂറിന് ശേഷമാണ് പ്രതി പിടിയിലായത്. ചാലക്കുടി ആശാരിപ്പാറ സ്വദേശി റിജോ ആൻ്റണിയാണ് പിടിയിലായതെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം. പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലാണ് ഇയാൾ ഉള്ളതെന്നാണ് സൂചന. പേരമ്പ്രയിലെ ചെറുകുന്ന് പ്രദേശത്ത് ഇന്ന് പൊലീസ് വ്യാപക തെരച്ചിൽ നടത്തിയിരുന്നു.
പ്രതിയിൽ നിന്ന് പത്തുലക്ഷം രൂപ പൊലീസ് കണ്ടെടുത്തു. വീട്ടിൽ നിന്നാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കടം വീട്ടാനാണ് മോഷണമെന്നാണ് പ്രതി നൽകിയ മൊഴി.15 ലക്ഷം രൂപയാണ് പ്രതി ബാങ്കിൽ നിന്ന് കവർന്നത്. ഇതിൽ അഞ്ചുലക്ഷം രൂപ ഇയാൾ ചെലവഴിച്ചിട്ടുണ്ട്. ജീവനക്കാരെ കത്തിക്കാട്ടി ഭീഷണിപ്പെടുത്തിയാണ് ഇയാൾ മോഷണം നടത്തിയത്. പ്രതിയെ ചോദ്യം ചെയ്യുന്ന പൊലീസ്, ബാങ്ക് ജീവനക്കാർക്ക് ഇതിൽ പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നിർണായകമായത്. 25 പേരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.