ന്യൂഡൽഹി: ഡൽഹി തെരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ യമുനാ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം. കള കൊയ്‌ത്തു യന്ത്രങ്ങൾ, ഡ്രെഡ്ജ് യൂട്ടിലിറ്റി യൂണിറ്റുകൾ, ട്രാഷ് സ്കിമ്മറുകൾ എന്നിവ ഉപയോഗിച്ചാണ് നദി വൃത്തിയാക്കുന്നത്. ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വി.കെ. സക്‌സേനയും ഡൽഹി ചീഫ് സെക്രട്ടറിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ യമുന നദി വൃത്തിയാക്കാൻ അടിയന്തര നിർദ്ദേശം പുറപ്പെടുവിച്ചതിനെ തുടർന്നാണ് നടപടി.
യമുനയിലെ മലിനീകരണ പ്രശ്നം പരിഹരിക്കുന്നതിന് വ്യക്തമായ പദ്ധതി തയാറാക്കിയിട്ടുണ്ടെന്ന് ലെഫ്റ്റനന്റ് ഗവർണറുടെ ഓഫീസിന്റെ പ്രസ്താവനയിൽ പറയുന്നു. “തുടക്കത്തിൽ, യമുന നദിയിലെ മാലിന്യങ്ങൾ, ചെളി എന്നിവ നീക്കം ചെയ്യും. നജഫ്ഗഢ് ഡ്രെയിൻ, സപ്ലിമെന്ററി ഡ്രെയിൻ, മറ്റ് എല്ലാ പ്രധാന ഡ്രെയിനുകൾ എന്നിവയിലെയും ശുചീകരണ പ്രവർത്തനങ്ങൾ ഒരേസമയം ആരംഭിക്കും,” പ്രസ്താവനയിൽ പറയുന്നു.
നിലവിലുള്ള മലിനജല സംസ്കരണ പ്ലാന്റുകളുടെ ശേഷിയും ഉത്പാദനവും ദിവസേന നിരീക്ഷിക്കും. വിവിധ ഏജൻസികളും വകുപ്പുകളും തമ്മിലുള്ള ഏകോപനത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. നദി വൃത്തിയാക്കുന്നതിന് മൂന്ന് വർഷത്തെ സമയപരിധി നിശ്ചയിച്ചിട്ടുണ്ട്.
ശുചീകരണ പുരോഗതി ആഴ്ചതോറും നിരീക്ഷിക്കും, നഗരത്തിലെ വ്യാവസായിക യൂണിറ്റുകൾ അഴുക്കുചാലുകളിലേക്ക് മലിനജലം ഒഴുക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഡൽഹി മലിനീകരണ നിയന്ത്രണ സമിതിക്ക് (ഡിപിസിസി) നിർദ്ദേശം നൽകിയിട്ടുണ്ട്. യമുന നദിയെ പുനരുജ്ജീവിപ്പിക്കുന്നതിനും അതിലെ ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും മലിനീകരണം നിയന്ത്രിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.















