തൃശൂർ: ചാലക്കുടി ഫെഡറൽ ബാങ്കിൽ നിന്ന് കത്തികാട്ടി 15 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതിയുടെ മൊഴി പുറത്ത്. കത്തി കാട്ടിയപ്പോൾ തന്നെ മാനേജർ മാറിയെന്നുവെന്നും ജീവനക്കാർ എതിർത്തിരുന്നുവെങ്കിൽ മോഷണത്തിൽ നിന്ന് പിന്മാറുമായിരുന്നുവെന്നും പ്രതിയായ റിജോ പറഞ്ഞു.
ബാങ്കിലെ മുഴുവൻ പണവും എടുത്തുകൊണ്ട് പോകണമെന്ന് വിചാരിച്ചിരുന്നില്ല. എനിക്ക് ആവശ്യമുണ്ടായിരുന്ന പണം കിട്ടിയെന്ന് ഉറപ്പായതോടെയാണ് ബാങ്കിൽ നിന്ന് പോയതെന്നും പ്രതി പറഞ്ഞു.
പ്രതിയുടെ വീട്ടിൽ തിങ്കഴാഴ്ച പുലർച്ചെ പൊലീസ് നടത്തിയ തെളിവെടുപ്പിൽ ബാങ്കിൽ നിന്ന് മോഷ്ടിച്ച 15 ലക്ഷം രൂപയിൽ 12 ലക്ഷം രൂപ കണ്ടെടുത്തിരുന്നു. ബാങ്ക് കൊള്ളയടിക്കാൻ പ്രതി ഉപയോഗിച്ച കത്തിയും മോഷണ സമയത്ത് റിജോ ധരിച്ചിരുന്ന വസ്ത്രവും വീട്ടിൽ നിന്നും കണ്ടെടുത്തു.
അതേസമയം, റിജോ മോഷണം നടത്തുന്നതിന് തൊട്ടുമുമ്പുള്ള ദിവസം അമ്പു തിരുനാളിൽ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. മോഷണശേഷം ജാക്കറ്റ് മാറ്റി ടീ ഷർട്ട് ധരിച്ച് സ്കൂട്ടറിൽ പോകുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പെരുന്നാളിന് പങ്കെടുത്തതിന് ശേഷമാണ് മോഷണം നടത്താൻ ഉപയോഗിച്ചിരുന്ന സ്കൂട്ടറിന് വേണ്ടി നമ്പർ പ്ലേറ്റ് സംഘടിപ്പിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തി.