കളിക്കാർക്ക് കുടുംബാംഗങ്ങളോടൊപ്പം താമസിക്കുന്നതിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവുവരുത്തി ബിസിസിഐ. ദുബായിൽ നടക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ടീം അംഗങ്ങൾക്ക് കുടുംബാംഗങ്ങളെ കൂടെ കൊണ്ടുപോകാൻ ബോർഡ് അനുമതി നൽകിയതായി റിപ്പോർട്ട്.
ദുബയിലേക്ക് പോകുമ്പോൾ കളിക്കാർക്ക് ഭാര്യമാരെയും കുടുംബാംഗങ്ങളെയും ഒപ്പം കൂട്ടാമെങ്കിലും ഇതിന് ബിസിസിഐ ഒരു കർശനമായ വ്യവസ്ഥ മുന്നോട്ട് വച്ചിട്ടുണ്ട്. താരങ്ങൾക്ക് അവരുടെ കുടുംബാംഗങ്ങളെ ഏതെങ്കിലും ഒരു മത്സരത്തിന് മാത്രമേ കൂടെ കൊണ്ടുപോകാൻ അനുവാദമുള്ളൂ. കളിക്കാർക്ക് പരസ്പരം ചർച്ച ചെയ്ത് തീരുമാനമെടുത്തത് ബിസിസിഐ യെ അറിയിക്കാം. ഇതനുസരിച്ച് ബോർഡ് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യും.
45 ദിവസത്തിൽ കൂടുതലുള്ള വിദേശ പര്യടനങ്ങളിൽ കളിക്കാർക്ക് കുടുംബത്തോടൊപ്പം താമസിക്കാൻ രണ്ടാഴ്ചത്തെ സമയം മാത്രമേ ബോർഡ് അനുവദിച്ചിട്ടുള്ളൂ. കൂടാതെ പേഴ്‌സണൽ സ്റ്റാഫുകൾക്കും വാണിജ്യ പരസ്യ ചിത്രീകരണങ്ങൾക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ചാമ്പ്യൻസ് ട്രോഫി പോലുള്ള ചെറിയ കാലയളവുകളുള്ള ടൂർണമെന്റുകളിൽ കുടുംബാംഗങ്ങളുടെ സാന്നിധ്യം യഥാർത്ഥത്തിൽ അനുവദിച്ചിരുന്നില്ല. എന്നാൽ, മത്സരങ്ങളുടെ സ്വഭാവം കണക്കിലെടുത്താണ് ഇതിൽ ഇളവ് വരുത്തിയതെന്നാണ് സൂചന. ബോർഡർ-ഗവാസ്കർ ട്രോഫിയിലെ പരാജയത്തിന് ശേഷമാണ് ബിസിസിഐ താരങ്ങൾക്കുമേൽ 10 ഇന കർശന നിബന്ധനകൾ പ്രഖ്യാപിച്ചത്.