വയനാട്: പൂക്കോട്ട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥൻ ക്രൂരമായ റാഗിംഗിനിരയായി മരണപ്പെട്ടിട്ട് ഇന്നേക്ക് ഒരു വർഷം. കേസന്വേഷണം നീളുമ്പോൾ പ്രതികളായ എസ്എഫ്ഐ ഗുണ്ടകളെ സംരക്ഷിക്കാനുള്ള വഴികളാണ് മറുഭാഗത്ത് തുടരുന്നത്. എസ്എഫ്ഐ പ്രവർത്തകർ ഉൾപ്പെടെ 18 സീനിയർ വിദ്യാർത്ഥികളാണ് കേസിലെ പ്രതികൾ.
സിദ്ധാർത്ഥന്റെ മരണവിവരം കുടുംബത്തെ അറിയിക്കാൻ വൈകിയത് മുതൽ കേസിലെ ദുരൂഹതകൾ ഓരോന്നായി പുറത്തുവരാൻ തുടങ്ങിയതോടെയാണ് എസ്എഫ്ഐ പ്രവർത്തകരുടെ കുരുക്ക് മുറുകിത്തുടങ്ങിയത്. ആത്മഹത്യയെന്ന് വരുത്തിതീർക്കാനുള്ള പൊലീസിന്റെ ധൃതിപ്പെട്ട നീക്കത്തിൽ അടിമുടി ദുരൂഹതയായിരുന്നു. സിദ്ധാർത്ഥന്റെ ശരീരത്തിൽ നിരവധി പാടുകളും കണ്ടതോടെ കേസിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് വിദ്യാർത്ഥിയുടെ കുടുംബം രംഗത്തുവന്നു.
2024 ഫെബ്രുവരി 18-നാണ് തിരുവനന്തപുരം സ്വദേശിയായ സിദ്ധാർത്ഥനെ കോളേജ് ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരിക്കുന്നതിന് മുമ്പ് അതിക്രൂര റാഗിംഗാണ് സിദ്ധാർത്ഥ് അനുഭവിച്ചത്. ഹോസ്റ്റൽ മുറിക്കുള്ളിൽ വച്ച് സീനിയർ വിദ്യാർത്ഥികൾ സിദ്ധാർത്ഥിനെ ക്രൂരമായി മർദ്ദിച്ചിരുന്നു.
കോളേജിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്ന ആംബുലൻസിൽ കിടന്ന കത്ത് കേസിന് നിർണായകമായി. ആ കത്തിലൂടെ പുറത്തുവന്ന വിവരങ്ങളിൽ സിദ്ധാർത്ഥൻ അതിക്രൂര റാഗിംഗിന് ഇരയായതായി വ്യക്തമായിരുന്നു.
ഫെബ്രുവരി 16-ാം തീയതി മുതൽ എസ്എഫ്ഐ പ്രവർത്തകർ മുറിയിലും പാറപുറത്തും വച്ച് സിദ്ധാർത്ഥനെ ക്രൂരമായി മർദ്ദിച്ചു. അടിവസ്ത്രം മാത്രം ധരിച്ച് പരസ്യവിചാരണ ചെയ്തു. ബെൽറ്റും മൊബൈൽ ഫോണും ഉപയോഗിച്ച് ശരീരത്തിൽ അടിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്തതായി പിന്നീട് നടന്ന അന്വേഷണത്തിൽ കണ്ടെത്തി.