എറണാകുളം: വിദേശത്ത് ജോലിവാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ യുവതി അറസ്റ്റിൽ. കൊച്ചി പാലാരിവട്ടത്താണ് സംഭവം. ജീനിയസ് കൺസൾട്ടൻസി എന്ന പേരിൽ സ്ഥാപനം നടത്തിയായിരുന്നു ഇവരുടെ തട്ടിപ്പ്. ആലുവ പൂക്കാട്ടുപടി സ്വദേശിയായ തണൽ വീട്ടിൽ സജീന (39) യാണ് അറസ്റ്റിലായത്.
കേരളത്തിലെ വിവിധ സ്റ്റേഷനുകളിലായി എട്ട് ചീറ്റിംഗ് കേസുകളിൽ പ്രതിയാണ് ഇവർ. ഉദ്യോഗാർത്ഥികളെ വാചകമടിച്ച് വീഴ്‌ത്തി പണം തട്ടുന്ന ഇവർ, തടിതപ്പാനും മിടുക്കിയാണെന്ന് പൊലീസ് പറയുന്നു.പുത്തൻ കുരിശ്, തൃശ്ശൂര്‍ സ്വദേശികളായ യുവാക്കളുടെ പരാതിയിൽ പാലാരിവട്ടം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.















