ചാമ്പ്യൻസ് ട്രോഫിയിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് 229 റൺസ് വിജയലക്ഷ്യം. പത്തോവറിൽ 35/5 എന്ന നിലയിൽ തകർന്ന ബംഗ്ലാദേശിലെ തൗഹി ഹൃദോയിയും ജാക്കർ അലിയും ചേർന്നാണ് ഭേദപ്പെട്ട ടോട്ടലിലേക്ക് നയിച്ചത്. ഒരുഘട്ടത്തിൽ ടീം സ്കോർ 100 പോലും കടക്കില്ലെന്ന് കരുതിയിരിക്കെയാണ് ഇന്ത്യൻ ഫീൾഡർമാർ ക്യാച്ചുകൾ കൈവിട്ട് ബംഗ്ലാദേശിന് സഹായം ചെയ്തത്. 49.4 ഓവറിൽ ബംഗ്ലാദേശ് 228 റൺസിന് പുറത്തായി.
ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് 154 റൺസാണ് സ്വന്തമാക്കിയത്.ചാമ്പ്യൻസ് ട്രോഫി ചരിത്രത്തിൽ ആറാം വിക്കറ്റിലെ ഏറ്റവും വലിയ കൂട്ടുക്കെട്ടും ഇതു തന്നെയായിരുന്നു. അതേസമയം ഫോമിലേക്ക് വന്ന ഷമിയുടെ അഞ്ചു വിക്കറ്റ് പ്രകടനമാണ് ബംഗ്ലാദേശിന്റെ നട്ടെല്ല് ഒടിച്ചത്. പത്തോവറിൽ 53 റൺസ് വഴങ്ങിയാണ് ഷമി അഞ്ചു വിക്കറ്റ് നേടിയത്. ഏകദിനത്തിൽ 200 വിക്കറ്റ് തികയ്‌ക്കാനും ഷമിക്ക് സാധിച്ചു.
118 പന്തിൽ സെഞ്ച്വറി നേടിയ ഹൃദോയിയുടെ ഏകദിനത്തിലെ ഉയർന്ന സ്കോറും ഇതുതന്നെ. ആറു ഫോറും രണ്ടു സിക്സും ഉൾപ്പടെയായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. പലകുറി ജീവൻ കിട്ടിയ ജാക്കർ അലി 114 പന്തിൽ 68 റൺസും നേടി. ഇരുവരുടെയും ചെറുത്ത് നില്പാണ് ബംഗ്ലാദേശിനെ വലിയ നാണക്കേടിൽ നിന്ന് രക്ഷിച്ചത്. ഇന്ത്യക്കായി ഹർഷിദ് റാണ മൂന്നും അക്സർ പട്ടേൽ രണ്ടും വിക്കറ്റ് നേടി. 25 റൺസ് നേടിയ തൻസിദ് ഹസനും 18 റൺസ് നേടിയ റിഷാദ് ഹൊസൈനുമാണ് രണ്ടക്കം കടന്ന മറ്റു ബാറ്റർമാർ. ആറുപേർ രണ്ടക്കം കാണാതെ പുറത്തായി.