അഹമ്മദാബാദ്: രഞ്ജി ട്രോഫി ക്രിക്കറ്റ് സെമിയിൽ കേളത്തിനെതിരെ ഗുജറാത്ത് ലീഡിലേക്ക്. നാലാം ദിനം കളി അവസാനിപ്പിക്കുമ്പോൾ 154 ഓവറിൽ 429/7 എന്ന നിലയിലാണ് ഗുജറാത്ത്. കേരളത്തിനെതിരെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടാൻ ഗുജറാത്തിന് 28 റൺസ് കൂടി നേടിയാൽ മതി. നാലാം ദിനം ഗുജറാത്തിന്റെ ആറ് വിക്കറ്റുകൾ വീഴ്‌ത്തിയെങ്കിലും പിരിയാത്ത ഏഴാം വിക്കറ്റ് കൂട്ടുകെട്ടിൽ ജയ്‌മീത് പട്ടേലും സിദ്ധാർഥ് ദേശായിയും ചേർന്ന് 77 റൺസ് കൂട്ടിച്ചേർത്താണ് കേരളത്തിന് തിരിച്ചടിയായത്.
357-7 എന്ന സ്‌കോറിൽ നിന്നാണ് ഇരുവരും ചേർന്ന് വിക്കറ്റ് നഷ്ടമില്ലാതെ ഗുജറാത്തിനെ 429 റൺസിലെത്തിച്ചത്. മൂന്ന് വിക്കറ്റ് കയ്യിലിരിക്കുന്ന ആതിഥേയർക്ക് അനായാസം ഒന്നാം ഇന്നിംഗ്സ് ലീഡ് നേടാം.161 പന്തില്‍ 74 റണ്‍സെടുത്ത് ജയ്മീത് പട്ടേലും 134 പന്തില്‍ 24 റണ്‍സുമായി സിദ്ധാർത്ഥ് ദേശായിയും ക്രീസിലുണ്ട്. പിച്ചിൽ നിന്ന് സ്പിന്നർമാർക്ക് കാര്യമായ ആനുകൂല്യമൊന്നും ലഭിക്കാതിരുന്നത് കേരളത്തിന് തിരിച്ചടിയായി. ഓൾറൗണ്ടർ ജലജ് സക്‌സേന നാല് വിക്കറ്റ് വീഴ്‌ത്തി. എൻപി ബേസിൽ, ആദിത്യ സർവാതെ,എം ഡി നിധീഷ് എന്നിവർ ഒരോ വിക്കറ്റ് വീതം നേടി.
222/1 നിലയില്‍ നാലാം ദിനം ആരംഭിച്ച ഗുജറാത്തിന് ആദ്യ സെഷനില്‍ നാല് വിക്കറ്റ് നഷ്ടമായിരുന്നു. കഴിഞ്ഞ ദിവസം സെഞ്ച്വറി നേടിയ പ്രിയങ്ക് പാഞ്ചലിനെയും വിക്കറ്റ് കീപ്പര്‍ ഉര്‍വില്‍ പട്ടേലിനെയും (25) മനൻ ഹിംഗ്രാജിയെയും (33) ക്യാപ്റ്റൻ ചിന്തൻ ഗജയെയും (2) സക്‌സേന മടക്കി. നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കേരളം ഒന്നാം ഇന്നിംഗ്‌സിൽ 457 റൺസ് നേടിയിരുന്നു. 341 പന്തുകളില്‍ നിന്ന് 177 റണ്‍സെടുത്ത് പുറത്താകാതെ നിന്ന മുഹമ്മദ് അസ്ഹറുദ്ദീന്റെ ബാറ്റിംഗാണ് കേരളത്തിനെ മികച്ച സ്കോറിലെത്തിച്ചത്.