അഹമ്മദാബാദ്: രഞ്ജി ട്രോഫിയിൽ കേരളം ടീം ഔദ്യോഗികമായി ഫൈനലിൽ. അവസാന ദിനം മത്സരം സമനിലയിൽ പിരിഞ്ഞതോടെയാണ് കേരളത്തിന്റെ ഫൈനൽ പ്രവേശം ഉറപ്പിച്ചത്. കേരളത്തിന്റെ ആദ്യ രഞ്ജി ട്രോഫി ഫൈനലാണിത്. രണ്ടാമിന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന്റെ നാല് വിക്കറ്റുകൾ വീഴ്‌ത്താനേ ഗുജറാത്തിന് കഴിഞ്ഞുള്ളു. കേരളത്തിന്റെ സ്കോർ 114 ൽ നിൽക്കെയാണ് മത്സരം സമനിലയിൽ അവസാനിച്ചത്. നീണ്ട 74 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കേരളത്തിന് ഫൈനൽ ബെർത്ത് ഉറപ്പാക്കുന്നത്.
രണ്ടാം ദിനം മൂന്നു വിക്കറ്റുകൾ കയ്യിലിരിക്കെ ഗുജറാത്തിന് 28 റൺസ് മതിയെന്നിരിക്കെയാണ് നാടകീയമായ ക്ലൈമാക്സിൽ കേരളം വിജയം ഉറപ്പിച്ചത്. അഞ്ചാം ദിനം തുടക്കത്തിൽ തന്നെ വിക്കറ്റുകൾ വീഴ്‌ത്തി കേരളം ഫൈനൽ പ്രതീക്ഷകൾ സജീവമാക്കിയിരുന്നു. 31റണ്‍സിന് ഏഴുവിക്കറ്റെന്ന നിലയിലാണ് ഗുജറാത്ത് ബാറ്റിംഗ് പുനരാരംഭിച്ചത്. ഓൾറൗണ്ടർ ജലജ് സക്സേനയും ആദിത്യ സർവാതെയുമാണ് കേരളത്തിന്റെ വിജയശില്പികൾ. അഞ്ചാം ദിനം ശേഷിച്ച മൂന്ന് വിക്കറ്റുകളും വീഴ്‌ത്തിയത് ആദിത്യയാണ്.
ക്വാര്‍ട്ടര്‍ ഫൈനലില്‍ ജമ്മു കശ്മീരിനെതിരെ ഒരു റണ്‍സിന്‍റെ നിര്‍ണായക ലീഡ് നേടിയാണ് കേരളം സെമിയിലെത്തിയത്. പത്താം വിക്കറ്റില്‍ റെക്കോര്‍ഡ് കൂട്ടുകെട്ടുമായി സല്‍മാന്‍ നിസാറും ബേസില്‍ തമ്പിയും ചേര്‍ന്ന് നടത്തിയ പോരാട്ടമാണ് അന്ന് കേരളത്തിന് തുണയായത്. ഇപ്പോള്‍ സെമിയില്‍ ആതിഥേയരായ ഗുജറാത്തിനെതിരെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ രണ്ട് റണ്‍സിന്‍റെ ലീഡുമായി ഫൈനലും ഉറപ്പിച്ചു. ഫൈനലില്‍ വിദര്‍ഭയാകും കേരളത്തിന്‍റെ എതിരാളികള്‍ എന്നാണ് കരുതുന്നത്.