ഇടുക്കി: പന്നിയാർകുട്ടിയിൽ നിയന്ത്രണം വിട്ട ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. പാണിനീയർ കുട്ടി ഇടയോടിയിൽ ബോസ്, ഭാര്യ റീന,ഡ്രൈവർ എബ്രഹാം എന്നിവരാണ് മരിച്ചത്. കായികതാരം ഒളിമ്പ്യൻ കെ എം ബീനാമോളുടെ സഹോദരിയാണ് റീന. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെയാണ് അപകടം.
കുടുംബം മുല്ലക്കാനത്തുള്ള ബന്ധുവീട്ടിൽ പോയി മടങ്ങിവരുന്ന വഴിക്കാണ് അപകടം. പന്നിയാർകുട്ടി പുതിയപാലത്തിനും പള്ളിക്കും ഇടയ്‌ക്കുള്ള ഭാഗത്തുവച്ച് നിയന്ത്രണം വിട്ട ജീപ്പ് കൊക്കയിലേക്ക് മറിയുകയായിരുന്നു. 100 അടിയാള താഴ്ചയിലേക്കാണ് ജീപ്പ് മറിഞ്ഞത്. ബോസും റീനയും സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. എബ്രഹാമിനെ ഗുരുതര പരിക്കുകളോടെ രാജാക്കാടുള്ള സ്വകാര്യ ആധുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണമടഞ്ഞു.
മറ്റൊരാൾക്കും അപകടത്തിൽ സാരമായി പരുക്കേറ്റിരുന്നു. അപകടത്തിന്റെ ശബ്ദം കേട്ട നാട്ടുകാരും ഇവർ അറിയിച്ചത് അനുസരിച്ചെത്തിയ പൊലീസും ഫയർ ഫോഴ്‌സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. മൂന്നുപേരുടെയും മൃതദേഹങ്ങൾ അടിമാലി താലൂക്ക് ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. പോസ്റ്റ്മാർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.