ദുബായ്: പാകിസ്താന്റെ ചാമ്പ്യൻസ് ട്രോഫി കിരീട പോരാട്ടം ഏതാണ്ട് അവസാനിച്ചുവെന്ന് സമ്മതിച്ച് പാക് ക്യാപ്റ്റൻ മുഹമ്മദ് റിസ്വാൻ. ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യയോട് ആറ് വിക്കറ്റിന് തോറ്റതോടെയാണ് ക്യാപ്റ്റന്റെ പ്രതികരണം. “അതവസാനിച്ചുവെന്ന് നമുക്കിപ്പോൾ പറയാം, അതാണ് സത്യം,”മത്സരത്തിന് ശേഷം മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മുഹമ്മദ് റിസ്വാൻ മറുപടി നൽകി.
“അടുത്ത മത്സരത്തിൽ ബംഗ്ലാദേശ്-ന്യൂസീലൻഡ് മത്സരഫലം എന്താകുമെന്നും ഇന്ത്യ-ന്യൂസീലൻഡ് ഫലവും നോക്കിയാൽമാത്രമേ ഞങ്ങൾക്ക് എന്തുചെയ്യാനാകുമെന്ന് പറയാൻ കഴിയൂ. ഇതൊരു നീണ്ട യാത്രയാണ്. ഞങ്ങൾക്ക് പ്രതീക്ഷയുണ്ട്, അല്ലാഹുവിൽ വിശ്വസിക്കുന്നു. ചാമ്പ്യൻസ് ട്രോഫിയിലുള്ള ഞങ്ങളുടെ സാധ്യത ഇപ്പോൾ മറ്റ് ടീമുകളെയും ആശ്രയിച്ചാണ്,” റിസ്വാൻ പറഞ്ഞു.
View this post on Instagram
ക്യാപ്റ്റന്റെ പ്രതീക്ഷകൾ അസ്തമിച്ചുവെങ്കിലും പാകിസ്താൻ ഇപ്പോഴും ചാമ്പ്യൻസ് ട്രോഫിയിൽ നിന്നും പുറത്തായിട്ടില്ല. അനുകൂലമാകുന്ന ഒന്നിലധികം മത്സരഫലങ്ങളെ ആശ്രയിച്ചാണ് അവരുടെ സെമിഫൈനൽ സാധ്യതകൾ. ഇന്ന് നടക്കുന്ന മത്സരത്തിൽ ബംഗ്ലാദേശ് ന്യൂസിലൻഡിനെ പരാജയപ്പെടുത്തുകയും, വ്യാഴാഴ്ച ബംഗ്ലാദേശിനെതിരെ പാകിസ്താൻ വലിയ മാർജിനിൽ വിജയം നേടുകയും വേണം. ഒപ്പം ഇന്ത്യ ന്യൂസിലൻഡിനെ വലിയ മാർജിനിൽ മറികടക്കുകയും വേണം. എങ്കിൽ പാകിസ്താന് ഗ്രൂപ്പ് എയിലെ ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യാനും നോക്കൗട്ടിലേക്ക് മുന്നേറാനും കഴിയും.















