പാലക്കാട്: 14 വയസുകാരനെ വീട്ടമ്മ തട്ടിക്കൊണ്ടുപോയതായി പരാതി. ആലത്തൂർ കുനിശ്ശേരിയിലാണ് സംഭവം. കുതിരപ്പാറ സ്വദേശിനിയാണ് മകന്റെ കൂട്ടുകാരനൊപ്പം നാടുവിട്ടത്. കുട്ടിയെ കാണാത്തതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് കുട്ടി യുവതിയോടൊപ്പം ഉള്ളതായി വിവരം ലഭിച്ചത്.
കുട്ടിയുടെ കുടുംബം ആലത്തൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ യുവതിയെയും കുട്ടിയെയും എറണാകുളത്ത് നിന്ന് കണ്ടെത്തി. കുടുംബത്തിന്റെ പരാതിയിൽ വീട്ടമ്മക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
പരീക്ഷ കഴിഞ്ഞ ശേഷം 14-കാരൻ യുവതിയുടെ അടുത്തെത്തുകയും എവിടെയെങ്കിലും പോകാമെന്ന് പറയുകയും ചെയ്തു. എന്നാൽ ആരെയും അറിയിക്കാതെ കുട്ടിയോടൊപ്പം പോയതോടെ യുവതി കേസിൽ പ്രതിയായി. കുട്ടി പ്രായപൂർത്തി ആകാത്തതിനാൽ പോക്സോ നിയമ പ്രകാരം കേസെടുക്കുമെന്നും പൊലീസ് പറഞ്ഞു.