പാലക്കാട്: കള്ളിൽ ചുമ മരുന്നിന്റെ സാന്നിധ്യം കണ്ടെത്തി. പാലക്കാട് ചിറ്റൂർ റെയ്ഞ്ചിൽ എക്സൈസ് വകുപ്പ് പരിശോധനയ്‌ക്കയച്ച കള്ളിന്റെ സാമ്പിളിലാണ് കഫ് സിറപ്പിന്റെ സാന്നിധ്യം കണ്ടെത്തിയത്. ചിറ്റൂർ റെയ്ഞ്ചിലെ കുറ്റിപ്പള്ളം, വണ്ണാമട ഷാപ്പുകളിൽ നിന്ന് ശേഖരിച്ച് കള്ളാണ് പരിശോധനയ്‌ക്ക് അയച്ചതെന്ന് എക്സൈസ് വ്യക്തമാക്കി. കഴിഞ്ഞ സെപ്റ്റംബറിലാണ് സാമ്പിൾ പരിശോധനയ്‌ക്ക് അയച്ചത്.
കാക്കനാട് ലാബിൽ നിന്ന് ലഭിച്ച റിപ്പോർട്ടിൽ ചുമ മരുന്നിന്റെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു. കഫ് സിറപ്പുകളിൽ ഉൾപ്പെടുത്തുന്ന ബനാട്രിൽ എന്ന രാസപദാർത്ഥമാണ് കള്ളിന്റെ സാമ്പിളിൽ കണ്ടെത്തിയത്. സാമ്പിൾ ശേഖരിച്ച കുറ്റിപ്പള്ളം, വണ്ണാമട ഷാപ്പുകൾ ഒരേ ലൈസൻസിയുടേതാണ്. ലാബ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ലൈസൻസിക്കും രണ്ട് വിതരണക്കാർക്കുമെതിരെ എക്സൈസ് കേസെടുത്തു.















