ചാമ്പ്യൻസ് ട്രോഫിയിൽ സെമി ഉറപ്പിച്ച ഇന്ത്യക്ക് തിരിച്ചടി. ക്യാപ്റ്റൻ രോഹിത് ശർമയ്‌ക്ക് പരിക്കെന്ന് സൂചന. ന്യൂസിലൻഡിനെതിരെയാണ് ഇന്ത്യയുടെ അവസാന ഗ്രൂപ്പ് ഘട്ട മത്സരം. മാർച്ച് രണ്ടിന് ദുബായിലാണ് ഇന്ത്യയുടെ കരുത്ത് വെല്ലുവിളിക്കുന്ന പോരാട്ടം. പാകിസ്താന് എതിരെയുള്ള മത്സരത്തിന് ശേഷം രോഹിത് ശർമയെ പേശിവലിവ് അലട്ടുന്നുണ്ടെന്നാണ് സൂചന. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം രോഹിത് പരിശീലന സമയത്ത് കഠിനമായ വ്യായമങ്ങളിലൊന്നും ഏർപ്പെട്ടിരുന്നില്ല. ത്രോ ഡൗൺ സ്പെഷ്യലിസ്റ്റുകളെയും രോഹിത് ശർമ പരിശീലന സെഷനുകളിൽ നേരിട്ടില്ല.
സ്ട്രെംഗ്ത് ആൻഡ് കണ്ടീഷനിംഗ് കോച്ച് സോഹം ദേശായിക്കൊപ്പം താരം ജോഗിങ് ആരംഭിച്ചിരുന്നു. നെറ്റ് സെഷനിലുടനീളം മുഖ്യ പരിശീലകൻ ഗൗതം ഗംഭീറുമായി മറ്റു പരിശീലകരുമായും ചർച്ചകളിലായിരുന്ന താരം ഒരു പന്ത് പോലും നേരിട്ടതുമില്ല. ന്യൂസിലൻഡിനെതിരെയുള്ള മത്സരമാകും പോയിന്റ് ടേബിളിൽ ഇന്ത്യയുടെ സ്ഥാനം തീരുമാനിക്കുക. ബംഗ്ലാദേശ്, പാകിസ്താൻ എന്നിവർക്കെതിരെയുള്ള വിജയത്തിന്റെ പശ്ചാത്തലത്തിൽ നിലവിൽ ഇന്ത്യ ഒന്നാം സ്ഥാനത്താണ്.