ചാമ്പ്യൻസ് ട്രോഫി സെമിഫൈനലിൽ കടന്ന ഓസ്ട്രേലിയയ്‌ക്ക് തിരിച്ചടിയായി സ്റ്റാർ ബാറ്ററുടെ പരിക്ക്. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിനിടെ പരിക്കേറ്റ ഓസ്‌ട്രേലിയയുടെ ഓപ്പണർ മാത്യു ഷോർട്ട് വരും മത്സരങ്ങളിൽ കളിച്ചേക്കില്ല. ജേക്ക് ഫ്രേസർ മക്ഗുർക്കിനെയോ ഓൾറൗണ്ടർ ആരോൺ ഹാർഡിയെയോ പകരക്കാരായി ഉൾപ്പെടുയത്തിയേക്കും. ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്താണ് ഷോർട്ടിന് പരിക്കേറ്റ വിവരം സ്ഥിരീകരിച്ചത്.
അഫ്ഗാനിസ്ഥാനെതിരായ മത്‌സരത്തിൽ ബാറ്റിംഗിനിടെ പേശിവലിവിനെത്തുടർന്ന് തരാം ബുദ്ധിമുട്ടിയിരുന്നു. മഴമൂലം ഉപേക്ഷിച്ച മത്സരത്തിൽ ഷോർട്ട് 15 പന്തുകളിൽ നിന്ന് 20 റൺസ് നേടി. ഇംഗ്ലണ്ടിനെതിരായ മത്സരത്തിലും ഷോർട്ട് 63 റൺസ് നേടി മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. 352 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്‌ട്രേലിയയുടെ ആവേശകരമായ വിജയത്തിൽ ഷോർട്ടിന്റെ പങ്ക് നിർണായകമായിരുന്നു.
അതേസമയം, അഫ്ഗാനിസ്ഥാനെതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചതിനെ തുടർന്ന് ഓസ്ട്രേലിയ സെമിഫൈനലിന് യോഗ്യത നേടി. അഫ്ഗാനിസ്ഥാനെ 273 റൺസിന് ഓൾ ഔട്ടാക്കിയ ഓസ്ട്രേലിയ 12.5 ഓവറിൽ 109-1 എന്ന സ്കോറിലായിരുന്നപ്പോഴാണ് മഴ കളി മുടക്കിയത്. ട്രാവിസ് ഹെഡ് 40 പന്തിൽ 59 റൺസ് നേടി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഓസ്ട്രേലിയയുടെ മുൻ മത്സരവും മഴമൂലം ഉപേക്ഷിക്കപ്പെട്ടു. ഇങ്ങനെ ലഭിച്ച പോയിന്റുകളും ഒരു വിജയവും നേടിയ ഓസ്ട്രേലിയ നാല് പോയിന്റുമായി സെമിഫൈനലിന് യോഗ്യത നേടി.
മാർച്ച് 2 ന് നടക്കുന്ന ഇന്ത്യ-ന്യൂസിലൻഡ് മത്സരഫലം ഓസ്‌ട്രേലിയയുടെ സെമിഫൈനൽ എതിരാളിയെ നിശ്ചയിക്കും. ഇന്ന് നടക്കുന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിനെ തോൽപ്പിച്ചാൽ അവർ ഗ്രൂപ്പിൽ ഒന്നാമതെത്തും. ഇന്ത്യ-ന്യൂസിലൻഡ് മത്സരത്തിലെ വിജയിയെ ഓസ്‌ട്രേലിയ നേരിടും. ദക്ഷിണാഫ്രിക്ക തോറ്റാൽ, ഗ്രൂപ്പ് ബിയിൽ ഓസ്ട്രേലിയ ഒന്നാം സ്ഥാനക്കാരാകും, ഇന്ത്യ-ന്യൂസിലൻഡ് മത്സരത്തിലെ പരാജിതനെ നേരിടും.