ന്യൂഡൽഹി: സ്ത്രീകൾക്കായി പ്രത്യേക പദ്ധതി പ്രഖ്യാപിച്ച് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത. മഹിള സമൃദ്ധി യോജന പ്രകാരം 2,500 രൂപ സ്ത്രീകൾക്ക് നൽകും. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ഈ പദ്ധതി. വനിതാ ദിനമായ മാർച്ച് എട്ടിന് പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വരുന്ന എല്ലാ ദിവസവും രാജ്യത്തെ സ്ത്രീകൾ ആഘോഷിക്കണമെന്ന് ഡൽഹിയിലെ മുതിർന്ന ബിജെപി നേതാവ് വീരേന്ദർ സച്ച്ദേവ് പറഞ്ഞു. സമൂഹത്തിന്റെ എല്ലാ തട്ടിലുമുള്ള ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാനും പുരോഗതി ഉറപ്പാക്കാനും എൻഡിഎ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. മാർച്ച് എട്ട് വരട്ടെ, എല്ലാത്തിനും വ്യക്തത വരുമെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹിയിലെ 5,000 ത്തോളം സ്ത്രീകളെ ഉൾപ്പെടുത്തിക്കൊണ്ട് വിപുലമായ പരിപാടി സംഘടിപ്പിക്കാനാണ് ബിജെപി പദ്ധതിയിടുന്നത്. ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലാണ് പരിപാടി സംഘടിപ്പിക്കുക.
ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ, മുഖ്യമന്ത്രി രേഖ ഗുപ്ത മറ്റ് മുതിർന്ന പാർട്ടി നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും.
പദ്ധതി ഉടനെ നടപ്പിലാക്കണമെന്നും സ്ത്രീകൾക്ക് നൽകിയ വാഗ്ദാനം ലംഘിക്കരുതെന്നും അനാവശ്യവാദം ഉന്നയിച്ച് മുൻ മുഖ്യമന്ത്രിയും എഎപി നേതാവുമായ അതിഷി രംഗത്തുവന്നു. ഇതിന് രേഖ ഗുപ്ത വ്യക്തമായ മറുപടിയാണ് നൽകിയത്. തന്റെ സർക്കാർ എന്ത് ചെയ്യണം എന്നതിനെ കുറിച്ച് ആജ്ഞാപിക്കരുതെന്നും
ബിജെപി നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം നടന്ന ആദ്യ നിയമസഭാ സമ്മേളനത്തിൽ ഡൽഹിയിലെ സ്ത്രീകൾക്ക് വേണ്ടിയുള്ള പദ്ധതി ഉടൻ ആരംഭിക്കുമെന്ന് രേഖ ഗുപ്ത വ്യക്തമാക്കിയിരുന്നു.