കറാച്ചിയിൽ നടന്ന അവസാന മത്സരത്തിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക ഗ്രൂപ്പ് ബിയിൽ ഒന്നാമതെത്തിയതോടെ ചാമ്പ്യൻസ് ട്രോഫിയിലെ ഫൈനലിസ്റ്റുകൾ ആരൊക്കെയാണെന്ന ചിത്രം തെളിഞ്ഞു. മൂന്ന് മത്സരങ്ങളിൽ നിന്ന് അഞ്ച് പോയിന്റുമായാണ് ദക്ഷിണാഫ്രിക്ക ബി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായത്. ഓസ്‌ട്രേലിയയാണ് രണ്ടാമത്. ഗ്രൂപ്പ് എ യിലെ ഒന്നാം സ്ഥാനക്കാരെ ഇന്ന് ദുബായിൽ നടക്കുന്ന ഇന്ത്യ-ന്യൂസിലൻഡ് മത്സരം നിശ്ചയിക്കും.
ഇന്ത്യ ന്യൂസിലൻഡിനെ പരാജയപ്പെടുത്തിയാൽ, ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനത്തെത്തുകയും മാർച്ച് 4 ചൊവ്വാഴ്ച ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ സെമിഫൈനലിൽ ഓസ്‌ട്രേലിയയെ നേരിടുകയും ചെയ്യും. അങ്ങനെയെങ്കിൽ, ഒരു ദിവസം കഴിഞ്ഞ് രണ്ടാം സെമിഫൈനലിൽ ന്യൂസിലൻഡ് ദക്ഷിണാഫ്രിക്കയെ നേരിടും. അതേസമയം ഇന്ത്യ ന്യൂസീലൻഡിനോട് തോറ്റാൽ എതിരാളി ദക്ഷിണാഫ്രിക്കയായിരിക്കും. മാർച്ച് 5 ന് ലാഹോറിൽ നടക്കുന്ന സെമിഫൈനലിൽ ഓസ്‌ട്രേലിയ ന്യൂസിലൻഡിനെയും നേരിടും.
ഗ്രൂപ്പ് ബിയിൽ സെമിഫൈനലിസ്റ്റുകളായ ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും ശനിയാഴ്ച യുഎഇയിലേക്ക് പോകുമെന്നാണ് റിപ്പോർട്ട്. എന്നാൽ ഇന്നത്തെ മത്സരഫലത്തിനുശേഷം ഒരു ടീം പാകിസ്താനിലേക്ക് മടങ്ങുമ്പോൾ മറ്റൊരു ടീം ഇന്ത്യയെ നേരിടാൻ ദുബായിലായിരിക്കും. ഏത് ടീമിനെ ഉൾപ്പെടുത്തിയാലും ഇന്ത്യ ദുബായിൽ സെമി ഫൈനൽ കളിക്കുമെന്ന് ഉറപ്പാക്കുന്ന തരത്തിലാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഗ്രൂപ്പ് എയിലെ മറ്റ് സെമി ഫൈനലിസ്റ്റുകളായ ന്യൂസിലൻഡ് അവരുടെ അവസാന നാല് മത്സരങ്ങൾ ലാഹോറിൽ കളിക്കും. ചാമ്പ്യൻസ് ട്രോഫി സെമി ഫൈനൽ മത്സരങ്ങളും വേദികളും ഞായറാഴ്ച നടക്കുന്ന ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള അവസാന ഗ്രൂപ്പ് എ മത്സരത്തിന് ശേഷം സ്ഥിരീകരിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.