പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും ഇരട്ടക്കൊലപാതകം. പത്തനംതിട്ട കാലഞ്ഞൂരിൽ ഭാര്യയെയും സുഹൃത്തിനെയും യുവാവ് വെട്ടിക്കൊന്നു. വൈഷ്ണവി (27), വിഷ്ണു (34) എന്നിവരാണ് മരിച്ചത്. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന് സംശയിച്ചാണ് യുവാവ് കൊലപാതകം നടത്തിയത്. സംഭവത്തിൽ പ്രതി ബൈജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
വിഷ്ണുവിന്റെ വീട്ടിൽ വച്ചായിരുന്നു കൊലപാതകം. പ്രതിയുടെ അയൽവാസി കൂടിയാണ് മരിച്ച വിഷ്ണു. ബൈജുവുമായുള്ള വഴക്കിനെ തുടർന്ന് വൈഷ്ണവി വീട്ടിൽ നിന്നിറങ്ങി വിഷ്ണുവിന്റെ വീട്ടിലേക്ക് ഓടിക്കയറി. കൊടുവാളുമായി പുറകെ എത്തിയ പ്രതി വിഷ്ണുവിന്റെ വീടിന്റെ സിറ്റൗട്ടിൽ വച്ച് യുവതിയെ വെട്ടിവീഴ്‌ത്തുകയായിരുന്നു. ബഹളം കേട്ട് പുറത്തേക്ക് ഇറങ്ങിയ വിഷ്ണുവിനെയും പ്രതി വെട്ടിക്കൊലപ്പെടുത്തി.
നാട്ടുകാർ ഓടിക്കൂടിയതോടെ പ്രതി സ്ഥലത്ത് നിന്ന് പോയിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ വൈഷ്ണവി കൊല്ലപ്പെട്ടു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് വിഷ്ണു മരിച്ചത്. പൊലീസ് എത്തി ഇൻക്വിസ്റ്റ് നടപടികൾ പൂർത്തിയാക്കി.