ബെർലിൻ: പടിഞ്ഞാറൻ ജർമനിയിലെ മാൻഹൈം നഗരത്തിൽ ആൾക്കൂട്ടത്തിലേക്ക് കാർ ഇടിച്ചുകയറ്റി രണ്ട് പേരെ കൊലപ്പെടുത്തി. നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. തിങ്കളാഴ്ചയാണ് സംഭവമുണ്ടായത്. കറുത്ത എസ് യു വി കാർ അമിതവേഗത്തിൽ ഇരച്ചെത്തുകയും ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറ്റുകയുമായിരുന്നു. കാൽനടയാത്രക്കാരായ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. മാൻഹൈമിലെ പ്ലാങ്കെനിലാണ് ആക്രമണമുണ്ടായത്. നഗരത്തിലെ പ്രധാന ഷോപ്പിംഗ് സ്ട്രീറ്റാണ് പ്ലാങ്കെൻ.
മരിച്ചവരെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. 83 വയസുള്ള വയോധികയും 54-കാരനുമാണ് കൊല്ലപ്പെട്ടത്. 11 പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. അക്രമി കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ആക്രമണമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നഗരത്തിലെ പ്രധാനയിടമായ വാട്ടർ ടവറിലേക്ക് പാരാഡെപ്ലാറ്റ്സ് സ്ക്വയറിൽ നിന്ന് സഞ്ചരിച്ച കാറാണ് ആക്രമണത്തിന് ഇടയാക്കിയത്. സംഭവവുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ജർമനിയിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി സമാനമായ ആക്രമണങ്ങൾ ആവർത്തിക്കുകയാണ്. കഴിഞ്ഞ ഡിസംബറിൽ ജർമനിയിലെ മാഗ്ഡീബർഗിലുള്ള ക്രിസ്മസ് മാർക്കറ്റിലേക്ക് വാഹനം ഇടിച്ചുകയറ്റി ആറ് പേരെ കൊലപ്പെടുത്തിയിരുന്നു. 9 വയസുകാരൻ ഉൾപ്പടെയാണ് കൊല്ലപ്പെട്ടത്. 50 കാരനായ സൗദി പൗരനായിരുന്നു അക്രമി.
കഴിഞ്ഞ ഫെബ്രുവരിയിൽ മ്യൂണിക്കിലും സമാന സംഭവമുണ്ടായി. ആൾക്കൂട്ടത്തിലേക്ക് മിനി കൂപ്പർ ഇടിച്ചുകയറ്റിയതിനെ തുടർന്ന് അമ്മയും കുഞ്ഞും മരിക്കുകയും മുപ്പതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ 24-കാരനായ അഫ്ഗാൻ പൗരനാണ് അറസ്റ്റിലായത്.